കേരളം

kerala

ETV Bharat / state

മലപ്പുറത്ത് രണ്ടു പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു - വൈറസ് ബാധ സ്ഥിരീകരിച്ചു

വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച വിമാനങ്ങളില്‍ യാത്ര ചെയ്തവരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെടാൻ കലക്ടർ നിർദേശം നൽകി.

മലപ്പുറം  Kovid 19 virus  കൊവിഡ് 19  വൈറസ് ബാധ സ്ഥിരീകരിച്ചു  മലപ്പുറം കൊവിഡ്
ജില്ലയില്‍ രണ്ടു പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

By

Published : Mar 16, 2020, 11:28 PM IST

Updated : Mar 16, 2020, 11:49 PM IST

മലപ്പുറം:കൊവിഡ് 19 ഭീഷണി നിലനില്‍ക്കെ മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ട് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മാര്‍ച്ച് ഒമ്പതിന് ജിദ്ദയില്‍ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യയുടെ 960 നമ്പര്‍ വിമാനത്തിലെത്തിയ വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിക്കും മാര്‍ച്ച് 12ന് നെടുമ്പാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യയുടെ 964 നമ്പര്‍ വിമാനത്തിലെത്തിയ അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വിമാനങ്ങളില്‍ എത്തിയ യാത്രക്കാരും വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് നിർദേശമുണ്ട്.

മലപ്പുറത്ത് രണ്ടു പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി മാര്‍ച്ച് ഒമ്പതിന് രാവിലെ 7.30നാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവിടെ സ്വീകരിക്കാനെത്തിയവര്‍ക്കൊപ്പം 10 അംഗ സംഘമായി വാഹനത്തില്‍ 10.45ന് ഷാപ്പിന്‍കുന്നിലെ ബന്ധുവീടിനടുത്തെത്തി. നാലു ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം ഉച്ചയ്ക്ക് 12ന് മാട്ടക്കുളത്തെ തറവാട് വീട്ടില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ശാന്തി നഗറിലെ ബന്ധുവീട്ടില്‍ സന്ദര്‍ശിച്ച ശേഷം വൈകുന്നേരം നാലുമണിക്കാണ് വണ്ടൂര്‍ വാണിയമ്പലത്തെ സ്വന്തം വീട്ടിലെത്തിയത്.

മാര്‍ച്ച് 12ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അരീക്കോട് സ്വദേശിനി രാവിലെ 7.30ന് വിമാനത്താവളത്തിലെത്തി. അവിടെനിന്ന് ബെന്‍സി ട്രാവല്‍സിന്‍റെ ബസില്‍ 40 പേര്‍ക്കൊപ്പം യാത്ര ചെയ്ത് ഉച്ചക്ക് 2.30ന് കരിപ്പൂര്‍ ഹജ്ജ് ഹൗസിനടുത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി. തുടര്‍ന്ന് സ്വന്തം കാറില്‍ യാത്ര ചെയ്താണ് അരീക്കോട് ചെമ്രക്കാട്ടൂരിലെ സ്വന്തം വീട്ടിലെത്തിയത്. കോവിഡ് 19 രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇരുവരും മാര്‍ച്ച് 13ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയുമാണ്.

വൈറസ്ബാധ സ്ഥിരീകരിച്ചയുടന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്‍റെ നേതൃത്വത്തില്‍ ജില്ലാതല മുഖ്യ സമിതി പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉംറ തീര്‍ഥാടനത്തിന് ശേഷം മടങ്ങിയ ഇരുവരും നേരിട്ട് ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ പേരിലേക്ക് വൈറസ് പടരാതിരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Last Updated : Mar 16, 2020, 11:49 PM IST

ABOUT THE AUTHOR

...view details