മലപ്പുറം :ആഡംബര കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ നിലമ്പൂരിൽ എക്‌സൈസിന്‍റെ പിടിയിലായി. വഴിക്കടവ് പൂവത്തിപ്പൊയിൽ സ്വദേശികളായ കീടത്ത് വീട്ടിൽ അഫ്‌സൽ ( 29), പൂളികുഴിയിൽ റഹ്മാൻ (29) എന്നിവരാണ് പിടിയിലായത്.
മലപ്പുറം എക്‌സൈസ് ഇന്‍റലിജൻസ് ബ്യൂറോയും നിലമ്പൂർ റേഞ്ച് എക്സൈസ് പാർട്ടിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.
ആഡംബര കാറിൽ കഞ്ചാവ് കടത്ത്
നിലമ്പൂർ കനോലി പ്ലോട്ടിന് സമീപംവച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ എക്‌സൈസിനെ മറികടന്ന് കാറിൽ അതിവേഗതയിൽ സംഘം രക്ഷപ്പെടുകയായിരുന്നു.
നിലമ്പൂരിൽ വൻ കഞ്ചാവ് വേട്ട എങ്കിലും വടപുറത്തുള്ള ന്യൂലൈഫ് ഹോസ്‌പിറ്റലിന്‍റെ പാർക്കിങ് ഏരിയയിൽ സംഘം വാഹനം ഒളിപ്പിച്ചതായി മനസിലാക്കിയ എക്‌സൈസ് സംഘം ഇവരെ പിന്തുടർന്ന് എത്തി പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തത്.
ബിസിനസ് തകർച്ച മൂലം കഞ്ചാവ് വിൽപ്പന
വഴിക്കടവിൽ ബേക്കറി ബിസിനസ് നടത്തുന്ന അഫ്‌സൽ ലോക്ക്ഡൗണിൽ ബിസിനസ് തകർച്ച നേരിട്ടപ്പോൾ കഞ്ചാവ് വിൽപ്പനയിലേക്കിറങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നത്.
ഈയിടെ ഗൾഫിൽ നിന്നെത്തിയ റഹ്മാൻ ഇയാളുടെ സഹായിയായി കൂടുകയായിരുന്നു. അഫ്‌സലിന്‍റെ കച്ചവടത്തെക്കുറിച്ച് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ എക്‌സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
ALSO READ:നേരിട്ടും ഫോണിലൂടെയും ലൈംഗിക ചൂഷണം ; മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ