കേരളം

kerala

ETV Bharat / state

യുവാവിനെ തട്ടിക്കൊണ്ടുപോയി നാല് ക്ഷം രൂപ കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ

എഞ്ചിനീയറിംഗ് വിദ്യാർഥിയായ മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശി തോരക്കാട്ടിൽ മുഹമ്മദ് ഹാനിഷ്(26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28)എന്നിവരാണ് അറസ്റ്റിലായത്

യുവാവിനെ തട്ടിക്കൊണ്ടുപോയി നാല് ക്ഷം രൂപ കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ

By

Published : Nov 21, 2019, 7:02 PM IST

മലപ്പുറം:യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഭീഷണിപ്പെടുത്തി നാല് ക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ എഞ്ചിനീയറിങ് വിദ്യാർഥിയടക്കം രണ്ടു പേർ പിടിയിൽ. എഞ്ചിനീയറിങ് വിദ്യാർഥിയായ മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശി തോരക്കാട്ടിൽ മുഹമ്മദ് ഹാനിഷ്(26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28)എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ വന്ന പാണ്ടിക്കാട് വളരാട് സ്വദേശിയെ കാറിലും ബൈക്കുകളിലുമായി വന്ന പത്ത് പേർ ചേർന്ന് കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന നാലുലക്ഷം രൂപ കവരുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട സമീപവാസികൂടിയായ റിട്ട.എസ്ഐ പെരിന്തൽമണ്ണ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ട് സംഘം രക്ഷപെട്ടത്. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം ഐപിഎസിന്‍റെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പെരിന്തൽമണ്ണ എഎസ്‌പി രീഷ്മ രമേശൻ ഐപിഎസ്, ഡിവൈഎസ്പി പിപി ഷംസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

കവർച്ചാസംഘം സഞ്ചരിച്ച കാറിനെയും ബൈക്കുകളേയും കേന്ദ്രീകരിച്ചും സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചും മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതിലാണ് കേരളത്തിലും പുറത്തുമായി പല സ്ഥലത്ത് താമസിച്ച് കവർച്ചയ്ക്ക് വേണ്ടി ഒത്തുകൂടി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കണ്ണൂർ, കോട്ടയം,എറണാകുളം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘത്തിനെ കുറിച്ച് വിവരം ലഭിച്ചത്. ഇത്തരത്തിൽ പണവുമായി പോകുന്നവരെ കുറിച്ചുള്ള വിവരങ്ങളും കൃത്യമായി നൽകാനും സംഘത്തിൽ ആളുകളുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ പ്രത്യേക അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും കേരളത്തിലെ പ്രധാന ഗുണ്ടാസംഘത്തിലുൾപ്പെട്ടവരുമായി നേരിട്ട് ബന്ധമുള്ളതായും കൂടുതൽ കവർച്ചകൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും അതിനുള്ള ആയുധങ്ങളുൾപ്പെടെ തയ്യാറാക്കി വെച്ചതായും വിവരം ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

പണവുമായി യുവാവ് വരുന്ന വിവരം കൈമാറി കവർച്ച ആസൂത്രണം ചെയ്തവരുൾപ്പടെയുള്ളവരെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചതായും അവർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണസംഘം അറിയിച്ചു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details