മലപ്പുറം: കള്ളക്കടത്ത് സ്വർണം കൈക്കലാക്കിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്തർസംസ്ഥാന ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വയനാട് കല്ലുവയൽ കരണി സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ പുല്ലൂർകുടിയിൽ പ്രവീൺ (26), അമ്പലവയൽ സ്വദേശി പ്ലാവിൽ വീട്ടിൽ വിജേഷ് (27) എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി കെ.എം. ദേവസ്യ, മങ്കട സിഐ എൻ. പ്രജീഷ്, എസ്ഐ മാത്യു, എഎസ്‌ഐ ഷാഹുൽ ഹമീദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മങ്കട വടക്കാങ്ങര റോഡിൽവച്ച് യുവാവിനെ ഒരു സംഘം ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ദൃക്‌സാക്ഷികളിൽനിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച കാറുകളും കസ്റ്റഡിയിൽ എടുത്തു.
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ - crime
കള്ളക്കടത്ത് സ്വർണം കൈവശപ്പെടുത്തിയെന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പിടിയിലായത് വയനാട് സ്വദേശികൾ.
![യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ Gold smuggling Two arrested for kidnapping man കള്ളക്കടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ പിടിയിൽ ക്വട്ടേഷൻ സംഘം പിടിയിൽ മലപ്പുറം malappuram മലപ്പുറം പൊലീസ് malappuram police മങ്കട mankada crime തട്ടിക്കൊണ്ട് പോയ കേസിൽ രണ്ടുപേർ പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11388720-thumbnail-3x2-iuy.jpg)
കൂടുതൽ വായനയ്‌ക്ക്:യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ
വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ക്വട്ടേഷൻ സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രവീൺ. വിദേശത്ത് നിന്നും കടത്തി കൊണ്ടുവരുന്ന സ്വർണം എയർപോർട്ടിൽ നിന്നോ പോകുന്ന വഴിയിൽവച്ചോ ഇടനിലക്കാരെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഇയാൾ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലെ പ്രതിയാണ്. കരിപ്പൂർ സ്റ്റേഷൻ പരിധിയിൽ വച്ച്, വിദേശത്തുനിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഭീഷണിപ്പെടുത്തി 700 ഗ്രാം സ്വർണം കവർന്ന കേസിലും കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ വച്ച് യുവാവിനെ കടത്തിക്കൊണ്ടുപോയ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിജേഷിന്‍റെ പേരിൽ അടിപിടിക്കേസും നിലവിലുണ്ട്. ഈ ക്വട്ടേഷൻ സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതായും പ്രതികള്‍ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.