മലപ്പുറം: കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച‌് ചാലിയാറിനു കുറുകെ നിർമിക്കുന്ന എളമരം കടവ് പാലത്തിന്‍റെ നിർമാണം മെയ് മാസത്തിൽ പൂർത്തിയാകുമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ. പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. പാലത്തിന്‍റെ അപ്രോച്ച് റോഡും നിലവിലെ കൂളിമാട് റോഡും ചേരുന്ന ഭാഗത്ത് ട്രാഫിക് ഐലൻഡ് നിർമിക്കുന്നതിനും ഏതാനും ഭാഗങ്ങളിൽ റോഡ് വീതികൂട്ടുന്നതിനും, മലപ്പുറം ജില്ലയിലെ മപ്രത്ത് അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടിയും ആരംഭിച്ചു.
എളമരം കടവ് പാലം മെയ് മാസത്തിൽ പൂർത്തിയാകും: ടിവി ഇബ്രാഹിം എംഎൽഎ
കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പാലത്തിന് 35 കോടി രൂപയാണ് ചെലവ്
സ്വകാര്യ വ്യക്തികൾ കയ്യേറിയത് സർവേ ചെയ്തു കണ്ടെത്തി പൊളിച്ചു നീക്കി. എളമരം ഭാഗത്ത് 200 മീറ്റര്‍ അനുബന്ധ റോഡും എടവണ്ണപ്പാറ ജംങ്ഷന്‍ വരെയുള്ള റോഡ് പുനർ നിർമിക്കാനും യോഗത്തിൽ തീരുമാനമായി. മാവൂര്‍ ഭാഗത്ത് 200 മീറ്റര്‍ അനുബന്ധ റോഡ് നിര്‍മിക്കുന്നതോടൊപ്പം മാവൂര്‍ റോഡില്‍ സന്ധിക്കുന്ന ജംങ്ഷന്‍ അഭിവൃദ്ധിപ്പെടുത്തി ഗതാഗത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. ആവശ്യമായ ഓവുപാലങ്ങള്‍, ഓടകള്‍, സംരക്ഷണ ഭിത്തികള്‍, ലൈറ്റ് സജീകരണങ്ങള്‍ എന്നിവയും ഉടൻ നിര്‍മിക്കും. ഇതുമായി ബന്ധപ്പെട്ട പ്രധാന റോഡിന്‍റെ പുനരുദ്ധാരണവും ഇതോടാപ്പം നടക്കും.
കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പാലത്തിന് 35 കോടി രൂപയാണ് ചെലവ്. 350 മീറ്റർ നീളമുള്ള പാലത്തിന് 35 മീറ്റർ വീതിയുള്ള പത്ത് സ്‌പാനുകളുണ്ടാകും. വാഴക്കാട്, മാവൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എളമരം കടവില്‍ പാലം നിര്‍മിക്കുന്നതോടെ ഇരു ജില്ലകളിലുമുള്ളവര്‍ ഗതാഗതസൗകര്യത്തിന്റെ കാര്യത്തില്‍ പുരോഗതി കൈവരിക്കും. കോഴിക്കോട്ടു നിന്നും മെഡിക്കല്‍ കോളജില്‍ നിന്നും മലപ്പുറത്തേക്കും പാലക്കാട് ഭാഗത്തേക്കുമെല്ലാമുള്ള ദൂരം ഗണ്യമായികുറയും. വയനാട് ഭാഗത്തു നിന്ന് കരിപ്പൂരിലേക്കുള്ള ദൂരവും കുറയും.