മലപ്പുറം: ഒട്ടും പരിചിതമല്ലാത്ത ഓണക്കാലമാണ് ഇത്തവണത്തേത്. ഒന്നിച്ചുള്ള ആഘോഷങ്ങളും വിനോദങ്ങളും ഓണസദ്യയും ഈ വർഷമില്ല. കൊവിഡ് മഹാമാരിയായി പടർന്നുകയറിയപ്പോൾ മലയാളിക്ക് നഷ്‌ടപ്പെട്ടത് വർഷത്തിലൊരിക്കൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായൊക്കെ ഒത്തുചേർന്ന് വിശേഷങ്ങൾ പങ്കിടുന്ന ഉത്സവകാലം കൂടിയാണ്. ആഘോഷങ്ങൾ പരിമിതമാക്കി കുടുംബത്തോടൊപ്പമുള്ള ഓണചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഓരോരുത്തരും ഓണം ആഘോഷിച്ചു. എന്നാൽ, പുത്തൻ കോടിയണിഞ്ഞ് പൂക്കളമൊരുക്കി, വീട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്ന് സദ്യ കഴിച്ച് സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെക്കാനാവാതെയും കുറേപേരുടെ ഓണദിനങ്ങൾ കടന്നുപോയി.
പ്രിയപ്പെട്ടവരില്ല, സർക്കാർ സഹായമില്ല; ഒറ്റപ്പെട്ട് ട്രാന്‍സ്ജെന്‍ഡറുടെ ഓണം - ഭിന്നലിംഗക്കാരുടെ ഓണം
മുൻവർഷങ്ങളിൽ നന്നായി ആഘോഷിച്ചെങ്കിലും കൊവിഡ് സാഹചര്യത്തിൽ ജോലിയും സർക്കാർ സഹായവുമില്ലാതെ പ്രതിസന്ധിയിലായിരുന്നു ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ ഈ വർഷത്തെ ഓണം.
വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ലോഡ്‌ജ് റൂമുകളിലിരുന്നായിരുന്നു ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ ഓണമാഘോഷിച്ചത്. ട്രാന്‍സ്ജെന്‍ഡേഴ്സ് എന്ന് പറഞ്ഞ് സമൂഹം ഒറ്റപ്പെടുത്തിയവര്‍. അതിനാൽ തന്നെ, ഇവരുടെ ആഘോഷങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരാന്‍ ആരും എത്താറില്ല. സര്‍ക്കാരില്‍ നിന്നും കാര്യമായ സഹായങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇത്തവണത്തെ ഓണം ഇവര്‍ക്ക് കൂടുതൽ ദുരിതമാണ് നൽകിയത്. വീട്ടിലെ ഓർമകളിൽ, പക്ഷേ വേണ്ടപ്പെട്ടവരുടെ സാന്നിധ്യമില്ലാതെ തങ്ങളുടേതായ രീതിയിൽ അവർ ഓണം കൊണ്ടാടി.