മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 858 പേര്‍ക്കു കൂടി നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7,018 ആയി. കൊവിഡ് 19 മുഖ്യ സമിതി അവലോകന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലികാണ് ഇക്കാര്യം അറിയിച്ചത്. പത്തു പേരാണ് വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. 6,993 പേര്‍ വീടുകളിലും 15 പേര്‍ കൊവിഡ് കെയര്‍ സെന്ററിലുമാണുള്ളത്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് രോഗ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള രണ്ടു വൈറസ് ബാധിതരുടേയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ നടപിടികള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.