മലപ്പുറം: കപ്പക്ക് വില കുറഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കുറഞ്ഞ വിലയിൽ വിറ്റ് ഒഴിവാക്കേണ്ട അവസ്ഥയാണിപ്പോള്‍. സുഭിക്ഷ കേരളം പദ്ധതിയിൽ തരിശുഭൂമിയിൽ കൃഷിയിറക്കിയ കപ്പ കർഷകർക്കാണ് വിലയിടിവ് തിരിച്ചടിയായത്.
കപ്പയ്ക്ക് വില കുറഞ്ഞു; ദുരിതത്തിലായി കർഷകർ - toppiaco farmers at malappuram
കാട്ടുമൃഗങ്ങളുടെ അതിക്രമം തടയാൻ സോളാർ പാനൽ സ്ഥാപിച്ചും ജൈവ വളത്തിൽ കൃഷി ചെയ്‌തും വലിയ തുകയാണ് കൃഷിക്കായി ചെലവഴിച്ചത്
പ്രസ്‌തുത പദ്ധതിയിൽ ഉൾപ്പെടുത്തി 75 സെന്‍റ് ഭൂമിയിലാണ് എടവണ്ണ കുന്നുമ്മൽ സ്വദേശി കട്ടചിറക്കൽ കൃഷ്ണൻ കപ്പ കൃഷി ചെയ്തത്. പൂണമായും ജൈവ വളത്തിൽ കൃഷി ചെയ്‌തും കാട്ടുമൃഗങ്ങളുടെ അതിക്രമം തടയാൻ സോളാർ പാനൽ സ്ഥാപിച്ചും അമ്പതിനായിരം രൂപയോളം മുതല്‍മുടക്കിരുന്നു. എന്നാൽ കപ്പയുടെ വില ഇടിഞ്ഞതോടെ ദുരിതത്തിലായി.
അഞ്ച് കിലോക്ക് 50 രൂപ എന്ന തിരക്കിലാണ് കൃഷ്ണനും ഭാര്യ ചിത്രയും കപ്പ വിറ്റഴിക്കുന്നത്. മൊത്തവില നിരക്കിൽ ഇവർക്ക് ഒരു കിലോ കപ്പയ്ക്ക് അഞ്ച് രൂപ മാത്രമാണ് ലഭിക്കുന്നത്. അമ്പതിനായിരം രൂപ ചെലവ് വന്നതിൽ മുപ്പതിനായിരമെങ്കിലും വരവിനത്തിൽ ലഭിക്കുമോ എന്ന ആശങ്കയിലാണ് ഈ കർഷകൻ. വില കുറവാണെന്ന് കാണിച്ച് വിളവെടുക്കാതിരുന്നാൽ ചൂട് കൂടുന്നതനുസരിച്ച് കപ്പ നശിച്ചു പോകുന്നതും നഷ്ടം വർധിപ്പിക്കും. ഇത്തവണ കൃഷിയിൽ നഷ്ടമാണെങ്കിലും ഇനിയും താൻ വിളയിറക്കുമെന്നും തോറ്റു കൊടുക്കാൻ തയ്യാറല്ലെന്നും കൃഷ്ണൻ പറയുന്നു. പ്രദേശത്തെ മറ്റ് കർഷകരുടെ അവസ്ഥയും സമാനമാണ്.