കേരളം

kerala

ETV Bharat / state

ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.8 കോടി രൂപയുടെ സ്വര്‍ണവുമായി മൂന്ന് പേര്‍ കരിപ്പൂരില്‍ പിടിയില്‍ - കരിപ്പൂർ

മൂന്ന് വ്യത്യസ്‌ത കേസുകളിലായാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് കിലോഗ്രാമോളം സ്വര്‍ണം മലപ്പുറം സ്വദേശികളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു

കരിപ്പൂരിൽ സ്വർണം  gold seized at Karipur international airport  Karipur international airport  സ്വര്‍ണവുമായി മൂന്ന് പേര്‍ കരിപ്പൂരില്‍ പിടിയില്‍  സ്വര്‍ണം  മലപ്പുറം  കരിപ്പൂർ വിമാനത്താവളം  കരിപ്പൂർ
സ്വര്‍ണവുമായി മൂന്ന് പേര്‍ കരിപ്പൂരില്‍ പിടിയില്‍

By

Published : May 12, 2023, 2:40 PM IST

മലപ്പുറം: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം പിടികൂടി. മൂന്നു കിലോഗ്രാമോളം സ്വർണമാണ് വ്യത്യസ്‌ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരിൽ നിന്നുമായാണ് സ്വര്‍ണം പിടികൂടിയത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ വന്ന പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ (30) നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ്‌ ജാസിമിൽ (28) നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകളും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വന്ന തൃപ്പനച്ചി സ്വദേശിയായ പാര സലീമിൽ (34) നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളുമാണ് പിടിച്ചെടുത്തത്.

ഈ സ്വർണ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിച്ചു. കള്ളക്കടത്ത് സംഘം സലീമിനും ഫവാസിനും ടിക്കറ്റിനു പുറമെ 80,000 രൂപയും, ജാസിമിന് 1.2 ലക്ഷം രൂപയുമാണ് വാഗ്‌ദാനം ചെയ്‌തിരുന്നത് എന്നാണ് കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. അസിസ്റ്റന്‍റ് കമ്മിഷണർ കെ.എം സൈഫുദീൻ, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ബാബു നാരായണൻ, മനോജ്‌ എം, മുരളി പി, ഇൻസ്‌പെക്‌ടർമാരായ അർജുൻ കൃഷ്‌ണ, ദിനേശ് മിർധ, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവിൽദാർമാരായ അലക്‌സ് ടിഎ, വിമല പി എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.

ABOUT THE AUTHOR

...view details