മലപ്പുറം:പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനവും അംഗീകാരവുമൊരുക്കിയ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളൊരുക്കിയത്. ഐഎസ്ഒ പ്രഖ്യാപനം ഫെബ്രുവരി ആദ്യ വാരത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും. മികച്ച സേവനം ലഭ്യമാക്കുന്നതിന് സാങ്കേതിക സൗകര്യങ്ങളും ഭൗതിക
സാഹചര്യങ്ങളും വിപുലപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഐഎസ്ഒ അംഗീകാരം നേടിയെടുത്തത്. പഴയതും പുതിയതുമായ ഫയലുകള്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന റെക്കോഡ് റൂം, അന്വേഷണ കൗണ്ടര്‍ തുടങ്ങി ജീവനക്കാരുടെ ഹാജര്‍ നില രേഖപ്പെടുത്തുന്നതും വിവിധ സേവനങ്ങളുടെയും ബോര്‍ഡുകളും ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഐഎസ്ഒ അംഗീകാരവുമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളൊരുക്കിയത്.
ബ്ലോക്കിലെത്തുന്നവര്‍ക്ക് റെസ്റ്റ് റൂം, കുടിവെള്ള സൗകര്യം, മുലയൂട്ടല്‍ കേന്ദ്രം, വായനാമുറി, സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് എന്നിവക്ക് പുറമെ കെട്ടിടം ഭിന്നശേഷി സൗഹൃദവുമാക്കി. ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകള്‍ക്കൊപ്പം റാംപുകളും ഒരുക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.അബ്ദുല്‍ കലാം മാസ്റ്റർ പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പരിധിയിൽ മൂന്നിയൂർ, പെരുവള്ളൂർ, തേഞ്ഞിപ്പലം, പള്ളിക്കൽ, വള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളും തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും ഉൾപ്പെടും. ബ്ലോക്ക് പഞ്ചായത്ത് ഐഎസ്ഒ നിലവാരത്തിലേക്ക് ഉയരുന്നതോടെ ഈ മേഖലയിലുള്ള ജനങ്ങൾക്കെല്ലാം ഗുണകരമാകും.