താനൂരിൽ കാർ ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് മലപ്പുറം:അമിത വേഗതയിൽ നിയന്ത്രണം വിട്ടെത്തിയ കാർ വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇടിച്ച് കയറി ശേഷം സ്കൂട്ടറിലും ഇടിച്ചു. ഒരു വിദ്യാർത്ഥിക്കും സ്കൂട്ടർ യാത്രികർക്കും പരിക്കേറ്റു. മലപ്പുറം താനൂർ എടക്കടപ്പുറം ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് അപകടം നടന്നത്.
വൈകിട്ട് സ്കൂൾ വിട്ട ശേഷം വീട്ടിലേക്ക് നടന്നുപോയ വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഉണ്യാൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. എതിരെ വന്ന സ്കൂട്ടറിലും ഇടിച്ചാണ് കാർ നിന്നത്. മൂന്ന് പേരെയും ആദ്യം തിരൂർ ജില്ല ആശുപത്രിയിലും പിന്നിട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബിഹാർ സ്വദേശി മരിച്ച നിലയിൽ:താമരശ്ശേരിയിൽ കാർണിവൽ നടക്കുന്ന കൂടാരത്തിന്‍റെ ടെന്‍റിൽ ബിഹാർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ ബാക്കാ സ്വദേശി ഷഫീക് (49) ആണ് മരിച്ചത്. കാർണിവലിലെ മരണക്കിണറിലെ സൈക്കിൾ അഭ്യാസി ആയിരുന്നു.
ഇന്നലെ രാത്രി അഭ്യാസം കഴിഞ്ഞ ശേഷം ടെന്‍റില്‍ ഉറങ്ങാൻ കിടന്ന ഷഫീഖ് രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് കൂടെയുള്ളവർ ചെന്ന് വിളിച്ചപ്പോഴാണ് മരിച്ചതായി മനസിലായത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.