മലപ്പുറം: 114 വര്‍ഷം പഴക്കമുള്ള നിലമ്പൂര്‍ തേക്കിന് ലേലത്തില്‍ ലഭിച്ചത് 39.25 ലക്ഷം രൂപ. വനം വകുപ്പിന്‍റെ ചരിത്രത്തിലെ തന്നെ റെക്കോഡ് വിലയാണിത്. കയറ്റുമതിയിനത്തില്‍പ്പെട്ട ഈ തേക്കുമരത്തിന്‍റെ മൂന്ന് ഭാഗങ്ങളും സ്വന്തമാക്കിയത് തിരുവനന്തപുരം സ്വദേശി അജീഷ് ആണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലമ്പൂരിലെ വനം വകുപ്പിന്‍റെ തടി ഡിപ്പോകളായ അരുവാക്കോട് നെടുങ്കയം ഡിപ്പോകളില്‍ ഇ- ലേലത്തില്‍ പങ്കെടുത്തു വരുന്ന വ്യക്തിയാണ് അജീഷ്. ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കപ്പെട്ട നിലമ്പൂര്‍ തേക്ക് എന്ന നേട്ടവും ഈ ലേലത്തിന്‍റെ പേരിലായിരിക്കുകയാണ്. 1909ല്‍ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാര്‍ വച്ചുപിടിച്ച പ്ലാന്‍റേഷനില്‍ നിന്ന് ഉണങ്ങി വീണ തേക്കുമരത്തിന്‍റെ മൂന്ന് കഷണങ്ങള്‍ കഴിഞ്ഞ 10നാണ് നെടുങ്കയം ഡിപ്പോയില്‍ ലേലത്തിന് വച്ചത്.
മൂന്ന് കഷണങ്ങള്‍ കൂടി എട്ട് ഘനമീറ്ററോളം വരും. കയറ്റുമതി ഇനത്തില്‍പ്പെട്ട മൂന്ന് തേക്ക് കഷണങ്ങളും വാശിയേറിയ ഇ-ലേലത്തില്‍ തിരുവനന്തപുരത്തുകാരനായ അജീഷ് സ്വന്തമാക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ 27 ശതമാനം നികുതി ഉള്‍പ്പെടെ ഒരു കഷണത്തിന് മാത്രം 23 ലക്ഷം രൂപയാണ് നല്‍കിയത്.