മലപ്പുറം:താനൂർ ബോട്ടപകടം നടന്ന ഒട്ടുംപുറം തൂവൽതീരത്ത് നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ബോട്ട് ജെട്ടിയിലേക്കുള്ള പാലം നാട്ടുകാർ കത്തിച്ചു. ഈ പാലത്തിലൂടെയാണ് ബോട്ട് അപകടത്തിൽ പെട്ടവർ ബോട്ടിലേക്ക് പ്രവേശിച്ചത്.
അപകടം ഉണ്ടാക്കിയ ബോട്ട് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് നാട്ടുകാർ പ്രതികരിച്ചു. തൂവൽതീരം ബോട്ട് ജെട്ടിയിൽ ബോട്ട് യാത്ര ആരംഭിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളു. അപകടത്തിൽ പെട്ട അറ്റ്ലാന്‍റിക്കെന്ന ബോട്ടിനെതിരെ രൂക്ഷ വിമർശനമാണ് നേരിടുന്നത്. ഇതിന് മുമ്പ് തന്നെ ബോട്ടിനെതിരെയുള്ള പരാതികൾ അധികൃതരെ അറിയിച്ചെന്നും എന്നാൽ നടപടികൾ ഉണ്ടായില്ല എന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.