തിരുവനന്തപുരം:വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടമുണ്ടായ മലപ്പുറം ജില്ലയിലെ താനൂരിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. സംഭവത്തിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി മലപ്പുറം ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർക്കാണ് രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല.
അതേസമയം താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് (08.05.2023) നടത്താനിരുന്ന താലൂക്ക് തല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വച്ചതായി മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിമാർ അപകടം നടന്ന താനൂരിലേക്ക് തിരിച്ചിട്ടുണ്ട്. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണെന്നും താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് ഞായറാഴ്ച രാത്രി 7.30 ഓടെയാണ് അപകടത്തിപ്പെട്ടത്. തീരത്ത് നിന്ന് 300മീറ്റർ അകലെയാണ് ബോട്ട് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. 35 ഓളം പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. സംഭവ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 22 പേർ അപകടത്തിൽ ഇതിനോടകം മരിച്ചിട്ടുണ്ട്.