മലപ്പുറം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പൊതുജലാശയങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് പോത്തുകല്ലില്‍ തുടക്കമായി. ചാലിയാര്‍ പുഴയുടെ ഭൂദാനം കടവില്‍ നടന്ന ചടങ്ങില്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് ജോണ്‍ മത്സ്യക്കുഞ്ഞുങ്ങളെ പുഴയിലേക്ക് തുറന്ന് വിട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു.
പുഴകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കം - fish farming
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പുഴകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
രോഹു, കട്‌ല, മൃഗാള്‍ എന്നീ ഇനങ്ങളില്‍ പെട്ട അമ്പതിനായിരം മത്സ്യകുഞ്ഞുങ്ങളെയാണ് വ്യാഴാഴ്ച പുഴയിലേക്ക് തുറന്ന് വിട്ടത്. സംസ്ഥാനത്ത് 430 ലക്ഷം മത്സ്യ, ചെമ്മീന്‍, ആറ്റുകൊഞ്ച് വിത്തുകളാണ് പദ്ധതിയിലൂടെ റിസര്‍വോയറുകളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്. ഇത് മൂന്നാം തവണയാണ് ചാലിയാറില്‍ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നിക്ഷേപിക്കുന്നത്. പൊതു ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് പദ്ധതിക്ക് രൂപകല്‍പന നല്‍കിയത്. ആറ് പുഴകളാല്‍ സമ്പന്നമായ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പുഴകളിലും ഇത്തരത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് തീരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വത്സല അരവിന്ദന്‍, പഞ്ചായത്തംഗം രജനി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.