മലപ്പുറം: ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഓമന്നൂര്‍ തടപ്പറമ്പ് സ്വദേശി അരവിന്ദ് (12) ആണ് കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മുങ്ങി മരിച്ചത്. വാഴക്കാട് മണന്തല കടവിലാണ് സംഭവം. നാട്ടുകാരും ട്രോമ കെയര്‍ യൂണിറ്റും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വാഴക്കാട് ജി എച്ച് എസ് എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അരവിന്ദ്.
ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു - വിദ്യാര്‍ഥി മുങ്ങി മരിച്ചു
വാഴക്കാട് ജി എച്ച് എസ് എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അരവിന്ദ്
ഒഴിവ് ദിവസമായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം വാഴക്കാട് ടർഫ് ഗ്രൗണ്ടിൽ കളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കളികഴിഞ്ഞ് കാല് കഴുകാന്‍ അരവിന്ദ് പുഴയില്‍ ഇറങ്ങി എന്നാണ് കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ പറയുന്നത്. കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ എത്തിയത്. സമീപവാസികള്‍ ചെറുവള്ളവും വലയും ഉപയോഗിച്ച് നടത്തിയ ആദ്യ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരിലൊരാള്‍ മുങ്ങി തപ്പിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തുന്നതിനും മുമ്പ് തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ കരക്കെത്തിച്ചു. ഡോക്ടര്‍മാരായ അമീര്‍, ബൈജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസര്‍ അഹമ്മദ് എന്നിവര്‍ സംഭവസ്ഥലത്ത് എത്തി. സിപിആര്‍ നല്‍കിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.ആംബുലന്‍സ് കിട്ടാത്തതിനാല്‍ വാഴക്കാട് പൊലീസ് ജീപ്പിലാണ് ആശുപത്രിയില്‍ എത്തിച്ചത്. വാഴക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു. മലപ്പുറം സർവേ സൂപ്രണ്ട് ദാമോദരന്‍റെ മകനാണ് അരവിന്ദ്.