മലപ്പുറം: വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. മലപ്പുറം തിരുനാവായ സ്‌റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്‍റെ ചില്ല് പൊട്ടി. തിരൂർ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ തിരുനാവായ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പ് അജ്ഞാതർ ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് പോകുന്ന വഴിക്കാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരൂർ പൊലീസ് അറിയിച്ചു. അതേസമയം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കേസെടുത്തു.
'സംഭവത്തിൽ ആർക്കും പരിക്കില്ല. ഒരു കോച്ചിന്‍റെ വിൻഡ് ഷീൽഡിന് പരിക്ക് പറ്റിയിട്ടുണ്ട്. പൊലീസ് കേസ് അന്വേഷിച്ചു വരികയാണ്,' ദക്ഷിണ റെയിൽവേ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു.
ലോക്കൽ പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഷൊർണൂരിൽ എത്തിയതോടെ ട്രെയിനിൽ മറ്റ് പരിക്കുകൾ ഉണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടത്തി. എന്നാൽ ഗുരുതരമായ നാശനഷ്‌ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. കല്ലേറുണ്ടായതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വന്ദേഭാരതിൽ സുരക്ഷ വർധിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരതിന്‍റെ ഔദ്യോഗിക യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്‌തത്.
സാമൂഹിക വിരുദ്ധരുടെ ആക്രമണങ്ങൾ നിരവധി:കേരളത്തിൽ വന്ദേ ഭാരത് സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഏപ്രിൽ 6ന് വിശാഖ പട്ടണത്ത് വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. അറ്റകുറ്റപ്പണികൾക്കും ട്രെയിൻ ഓട്ടത്തിനുമായി വിശാഖപട്ടണത്ത് എത്തിയ വന്ദേ ഭാരത് ട്രെയിനിന് നേരെ അജ്ഞാതരായ ചിലർ കല്ലെറിഞ്ഞതായി വിശാഖപട്ടണം ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) അനുപ് കുമാർ സേതുപതിയാണ് റിപ്പോർട്ട് ചെയ്‌തത്. തിരുനാവയയിൽ ഉണ്ടായ കല്ലേറ് ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മാസത്തിൽ ഇത് മൂന്നാമത്തെ സംഭവമാണ്.
സെക്കന്തരാബാദിൽ നിന്ന് വരികയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ ഖമ്മം - വിജയവാഡ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് കല്ലേറുണ്ടായി. ബുധനാഴ്‌ച വൈകീട്ട് സൗത്ത് സെൻട്രൽ റെയിൽവേ സോൺ പരിസരത്താണ് സംഭവം നടന്നത്. ജനുവരിയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് ട്രെയിനിന് നേരെ അറ്റകുറ്റപ്പണികൾക്കിടെ കല്ലേറുണ്ടായിരുന്നു. വിശാഖപട്ടണത്ത് കഞ്ചാരപാലത്തിന് സമീപം വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ കോച്ചിന്‍റെ ചില്ലുകളാണ് തകർത്തത്.
നേരത്തെ മാർച്ച് 12 ന് പശ്ചിമ ബംഗാളിൽ നിന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ അതിവേഗ ട്രെയിനിന്‍റെ കോച്ചിന്‍റെ ജനൽ പാളികൾ തകർന്നതായി ഈസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചിരുന്നു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്കയ്ക്ക് സമീപമാണ് സംഭവം.
2023 ജനുവരിയിൽ, ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്തിന് സമീപം രണ്ട് കോച്ചുകൾക്ക് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ രണ്ട് ജനൽ പാളികൾക്ക് കേടുപാടുകൾ സംഭവിച്ചതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) അറിയിച്ചിരുന്നു. മാൾഡയ്ക്ക് സമീപം ഹൗറയെ ന്യൂ ജൽപായ്‌ഗുരിയുമായി ബന്ധിപ്പിക്കുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ജനൽ ചില്ലുകൾ തകർന്നിരുന്നു.