മലപ്പുറം: കാഴ്‌ചയുടെ പരിമിതി കമ്പ്യൂട്ടറില്‍ മറികടന്ന ഹാറൂൺ കരീം പുതിയ ചരിത്രമെഴുതി. ആദ്യമായി കമ്പ്യൂട്ടറിൽ എസ്എസ്എൽസി പരീക്ഷ എഴുതിയാണ് മലപ്പുറം മങ്കട ഗവൺമെന്‍റ് ഹൈസ്‌കൂളിലെ ഹാറൂൺ കരീം ശ്രദ്ധേയനായത്. കമ്പ്യൂട്ടർ സഹായത്തോടെ ഉത്തരങ്ങൾ ടൈപ്പ് ചെയ്‌താണ് ഹാറൂണ്‍ പരീക്ഷ എഴുതിയത്. കഴിഞ്ഞ ദിവസം നടന്ന ഐടി പ്രാക്‌ടിക്കൽ പരീക്ഷയിലൂടെയാണ് ഹാറൂൺ പരീക്ഷക്ക് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഈ മിടുക്കന് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മാർച്ച് 10 മുതൽ പരീക്ഷാ ഹാളിൽ കമ്പ്യൂട്ടർ സഹായത്തോടെ മറ്റ് വിദ്യാർഥികളോടൊപ്പം ഹാറൂൺ പരീക്ഷ എഴുതും. കണക്കിന് ഇന്‍റി സോഫ്റ്റ്‌വെയറും പ്രയോജനപ്പെടുത്തും.
കാഴ്‌ചയെ തോല്‍പ്പിച്ച് ഹാറൂൺ കമ്പ്യൂട്ടറില്‍ പരീക്ഷയെഴുതി - sslc exam
മലപ്പുറം മങ്കട ഗവൺമെന്‍റ് ഹൈസ്‌കൂളിലെ ഹാറൂൺ കരീമാണ് കമ്പ്യൂട്ടർ സഹായത്തോടെ ഉത്തരങ്ങൾ ടൈപ്പ് ചെയ്‌ത് പരീക്ഷ എഴുതിയത്.
രണ്ട് വർഷമായി വാർഷിക പരീക്ഷകൾ കമ്പ്യൂട്ടർ വഴിയാണ് ഹാറൂണ്‍ പരീക്ഷ എഴുതുന്നത്. ഇതേ രീതിയിൽ എസ്എസ്എൽസി പരീക്ഷ എഴുതാൻ സഹായിക്കണമെന്ന് ചൂണ്ടികാട്ടി 2019 ഡിസംബറിൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അനുമതി ലഭിച്ചില്ല. തുടർന്ന് വീണ്ടും അപേക്ഷ നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. കാഴ്‌ചപരിമിതരായ വിദ്യാർഥികൾ മറ്റൊരാളുടെ സഹായത്തിലാണ് പരീക്ഷയെഴുതിയിരുന്നത്. ഉത്തരവ് ലഭിച്ചതോടെ ഹാറൂൺ ഏറെ സന്തോഷത്തിലാണ്.
മേലാറ്റൂരിലെ തൊടുപുഴ കുന്നുമ്മൽ അബ്‌ദുൽ കരീം-സാബിറ ദമ്പതികളുടെ മകനാണ് ഹാറൂൺ. ഏഴാം ക്ലാസ് വരെ മങ്കട ബ്ലൈന്‍റ് സ്‌കൂളിലായിരുന്നു പഠനം. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ നിർമാണത്തിലും മിടുക്കനാണ് ഹാറൂൺ. സോഫ്റ്റ്‌വെയർ എഞ്ചിനീയറാകണമെന്നാണ് ഈ പത്താം ക്ലാസുകാരന്‍റെ ലക്ഷ്യം.