മലപ്പുറം:'ശ്രീവല്ലി' പാട്ടും പാടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു അധ്യാപികയും പിള്ളേരും. തുറക്കൽ എച്ച്.എം.എസ് എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് എഫ് ഡിവിഷനിലെ വിദ്യാര്‍ഥികളും അധ്യാപിക സുമയ്യ സുമവുമാണ് പാട്ടിലൂടെ ശ്രദ്ധേയമായത്. കുട്ടികളുടെ പാട്ട്, അധ്യാപിക മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് നെറ്റിസണ്‍സ് ഏറ്റെടുത്തത്.
ALSO READ:സംവിധായികമാരുടെ ശക്തമായ ആശയങ്ങളുള്ള ചിത്രങ്ങൾ മേളയിൽ, തെരഞ്ഞെടുപ്പ് അഭിനന്ദനാർഹം : പാമ്പള്ളി
വ്യക്തിശുചിത്യവും സാമൂഹിക ശുചിത്വവും സംബന്ധിച്ചുള്ള ക്ലാസ് എടുക്കുന്നതിനിടെയാണ് വൈറല്‍ പാട്ടിന്‍റെ തുടക്കം. അധ്യാപിക ബോർഡിൽ എഴുതുന്നതിനിടെ മിൻഹാൽ എന്ന വിദ്യാർഥി ബെഞ്ചിലിരുന്ന് 'ശ്രീവല്ലി' എന്ന ഗാനം മൂളാൻ തുടങ്ങി. ബോർഡിൽ നോക്കി അത് എഴുതിയെടുക്കെടാ കുട്ടാ എന്ന് ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇതുകേട്ട് സഹപാഠികളായ യൂനസും അഫ്രയും മിൻഹാലിന് പിന്തുണയേകി. ''ടീച്ചറേ കലാവാസനയുള്ള കുട്ടികളെ തളർത്തല്ലീ'' എന്ന് അവര്‍ പറഞ്ഞു.
ഇതുകേട്ട് ചിരിച്ചൊഴിവാക്കാതെ അധ്യാപിക കുട്ടികള്‍ക്ക് പാടാന്‍ അവസരം നല്‍കുകയായിരുന്നു. ഇതോടെ, കുട്ടികള്‍ ''കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി... വാക്കിൽ കല്യാണി രാഗമോ'' എന്ന ഗാനം തകർത്തുപാടി. നോട്ട് എഴുതിയെടുക്കുന്നതിനിടെയാണ് കുട്ടികള്‍ പാട്ടുപാടിയത്. പാഠ്യേതര കഴിവിനെ പ്രോത്സാഹിപ്പിച്ച അധ്യാപികയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.