മലപ്പുറം: അന്തർ സംസ്ഥാന പാതയായ നാടുകാണിചുരം റോഡിൽ അത്തിക്കുറക്ക് സമീപം വിള്ളല്‍ കണ്ടെത്തി. നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ അത്തികുറക്ക് എന്ന ഭാഗത്താണ് 30 മീറ്റർ നീളത്തിലും മൂന്ന് വിരൽ വീതിയിലുമുള്ള വലിയ വിള്ളൽ കണ്ടെത്തിയത്. റോഡിന് വീതിയുള്ളതിനാൽ ഒരു ഭാഗത്ത് കൂടി വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്. ശനിയാഴ്‌ച വൈകുന്നേരം ചെറിയ വിള്ളൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. രാത്രിയോടെയാണ് കൂടുതല്‍ വിള്ളല്‍ രൂപപ്പെട്ടത്. നിലവിൽ രാത്രി എട്ട് മണി മുതൽ രാവിലെ ആറ് മണി വരെ നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
നാടുകാണിചുരം റോഡിൽ വിള്ളല്‍ കണ്ടെത്തി
നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ അത്തികുറക്ക് എന്ന ഭാഗത്താണ് 30 മീറ്റർ നീളത്തിലും മൂന്ന് വിരൽ വീതിയിലുമുള്ള വലിയ വിള്ളൽ കണ്ടെത്തിയത്.
ഇപ്പോൾ ഉണ്ടായിരിക്കുന്ന വിള്ളൽ ആശങ്കപ്പെടാനില്ലെന്ന് നിലമ്പൂർ റോഡ്‌സ് വിഭാഗം അസി. എഞ്ചിനീയർ സി.ടി മൊഹ്സിൻ പറഞ്ഞു. നിലവിൽ ഈ ഭാഗത്തെ റോഡിന് ആവശ്യമായ വീതിയുണ്ടെന്നും പുതിയതായി നിർമിച്ച സുരക്ഷാ ഭിത്തിയുള്ളതിനാൽ ആശങ്ക വേണ്ടന്നും റോഡിന്‍റെ നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി മാനേജർ രാജീവും, എഞ്ചിനീയറിങ് വിഭാഗവും വ്യക്തമാക്കി. റോഡിന് വിള്ളൽ വീണതോടെ വഴിക്കടവ് പുന്നക്കൽ വെള്ളക്കെട്ട് പ്രദേശങ്ങളിലെ മുന്നോറോളം കുടുംബങ്ങൾ ആശങ്കയിലാണ്. നാടുകാണി ചുരത്തിലുൾപ്പെടെയുള്ള പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍ കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് പ്രളയങ്ങളെ തുടർന്ന് നാടുകാണി ചുരത്തിൽ വ്യാപക മണ്ണിടിച്ചിലുണ്ടായിരുന്നു. തുടർന്നാണ് റോഡിന് വീതി കൂട്ടി പുനർനിർമാണം ആരംഭിച്ചത്. 90 ശതമാനം പണിയും പൂർത്തികരിച്ചു. വ്യൂ പോയിന്‍റിന് സമീപവും ചെറിയ വിള്ളലുണ്ട്. തകര പാടിയിൽ പാറ പൊട്ടിച്ച് മാറ്റിയ ഭാഗത്ത് പാറകഷ്‌ണം അടർന്ന് വീണിട്ടുണ്ട്. ഇവിടെ രണ്ട് മുന്നറിയിപ്പ് ബോർഡുകൾ ഇന്ന് സ്ഥാപിച്ചു. നാടുകാണി ചുരത്തിൽ ഉൾപ്പെടെ കനത്ത മഴ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കേന്ദ്ര സംഘം നാടുകാണി ചുരത്തിന്‍റെ വിവിധഭാഗങ്ങൾ സന്ദർശിച്ച് പഠനം നടത്തിയെങ്കിലും റിപ്പോർട്ട് നൽകാൻ വൈകുന്നതിനാൽ ജാറത്തിന് സമീപം ഇതുവരെ ഒരു നിര്‍മാണവും നടത്തിയിട്ടുമില്ല.