കേരളം

kerala

ETV Bharat / state

റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂരില്‍ - കരിപ്പൂര്‍ വിമാനത്താവളം

84 ഗര്‍ഭിണികളടക്കം 152 യാത്രക്കാരുണ്ട്. അവരുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനത്താവളത്തിലെ ആരോഗ്യ സംഘത്തില്‍ ഗൈനക്കോളജിസ്റ്റും പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാരും.

expatriates  Special flight  Karipur airport  പ്രവാസി  പ്രത്യേക വിമാനം  കരിപ്പൂര്‍ വിമാനത്താവളം  cന  ഗര്‍ഭിണി
പ്രവാസികളുമായി റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി

By

Published : May 8, 2020, 8:56 PM IST

Updated : May 9, 2020, 10:39 AM IST

മലപ്പുറം: പ്രവാസികളുമായി റിയാദില്‍ നിന്നുള്ള എ.ഐ 922-എയര്‍ ഇന്ത്യ പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. 84 ഗര്‍ഭിണികളടക്കം 152 യാത്രക്കാരുമായാണ് വിമാനം കരിപ്പൂരിലിറങ്ങിയത്. അവരുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനത്താവളത്തിലെ ആരോഗ്യ സംഘത്തില്‍ ഗൈനക്കോളജിസ്റ്റും പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാരുമുണ്ട്. 148 മുതിര്‍ന്നവരും നാല് കുട്ടികളുമടങ്ങുവന്ന സംഘത്തില്‍ 45 പുരുഷൻമാരും 103 സ്ത്രീകളുമുണ്ട്. വിമാനത്താവളത്തില്‍ കൂടുതല്‍ ആംബുലന്‍സ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുമായെത്തിയ വിമാനം മുംബൈയിലേക്ക് യാത്രക്കാരില്ലാതെ മടങ്ങും.

റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂരില്‍

രാത്രി എട്ട് മണിയോടെയാണ് പ്രവാസികൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. പരിശോധനക്ക് ശേഷം വീടുകളിലേക്കും കൊവിഡ് കെയർ സെൻ്ററുകളിലേക്കും ഇവരെ മാറ്റി. എട്ട് കര്‍ണ്ണാടക സ്വദേശികളും രണ്ട് തമിഴ്‌നാട് സ്വദേശികളും ഇവരോടൊപ്പമുണ്ടായിരുന്നു. കര്‍ണ്ണാടക സ്വദേശിയായ ഒരാളും തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരും വീടുകളിലേക്ക് മടങ്ങി. കര്‍ണ്ണാടക സ്വദേശികളായ ഏഴ് പേർ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയാവുന്ന കൊവിഡ് കെയര്‍ സെൻ്ററിലാക്കി.

മലപ്പുറം - 58, പാലക്കാട് - 12, കോഴിക്കോട് - 19, വയനാട് - രണ്ട്, ആലപ്പുഴ - നാല്, എറണാകുളം - ഏഴ്, ഇടുക്കി - രണ്ട്, കണ്ണൂര്‍ - 15, കാസര്‍ഗോഡ് - രണ്ട്, കൊല്ലം - അഞ്ച്, കോട്ടയം - ഒമ്പത്, പത്തനംതിട്ട - അഞ്ച്, തിരുവനന്തപുരം - രണ്ട് എന്നിങ്ങനെയാണ് റിയാദ് - കോഴിക്കോട് പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പരിശോധനയിൽ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി. അര്‍ബുദ രോഗത്തിന് ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇതില്‍ ഒരാള്‍ക്ക് അലര്‍ജിയും മറ്റൊരാള്‍ക്ക് പനിയും ചുമയുമാണ് കണ്ടെത്തിയത്. കൂടാതെ പൂര്‍ണ്ണ ഗര്‍ഭിണിയായ എറണാകുളം സ്വദേശിനിയെ കളമശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇവര്‍ കളമശേരിയില്‍ തന്നെ തുടര്‍ ചികിത്സ ആവശ്യപ്പെടുകയായിരുന്നു.

കൊവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണമായും പാലിച്ചാണ് യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ആദ്യ സംഘം 8.30 ന് പുറത്തിറങ്ങി. ഇവരെ എയ്‌റോ ബ്രിഡ്‌ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങ് നടത്തി. റിയാദില്‍ നിന്നെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി. എസ് സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍ഫോഴ്‌സ്‌മെൻ്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്.

Last Updated : May 9, 2020, 10:39 AM IST

ABOUT THE AUTHOR

...view details