മലപ്പുറം: കൊവിഡ് 19 ആശങ്കകള്‍ക്കിടെ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ഐ.എക്‌സ്- 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 11.30ന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന സംഘത്തിന്‍റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
അബുദബി - കരിപ്പൂര്‍ പ്രത്യേക വിമാനം ഇന്നെത്തും - എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ഐ.എക്‌സ്- 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 11.30ന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്
കൊവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്‌റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിന് വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക.
പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേക്ക് മാറ്റും. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്കാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്‍റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും.