മലപ്പുറം:കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടത്തിയത് വന്‍ കള്ളക്കടത്ത് വേട്ട. ഡിസംബർ 25, 26, 27 തീയതികളിൽ വിവിധ കേസുകളിലായി 1,443 ഗ്രാം സ്വർണവും 72,000 സിഗരറ്റും 8.5 കിലോ കുങ്കുമപ്പൂവും വിദേശ കറൻസികളും പിടിച്ചെടുത്തു.
കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത് വേട്ട - കരിപ്പൂർ വിമാനത്താവള വാർത്തകൾ
11 കേസുകളിലായാണ് അനധികൃതമായി കടത്താൻ ശ്രമിച്ച വസ്തുക്കൾ പിടിച്ചെടുത്തത്
വിപണിയില്‍ 73 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സിഗരറ്റിന് അന്താരാഷ്ട്ര വിപണിയിൽ 2.25 ലക്ഷം വിലവരും. പിടികൂടിയ കുങ്കുമപ്പൂവിന് ആറ് ലക്ഷത്തോളം രൂപയാണ് കണക്കാക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ഷാർജയിൽ നിന്ന് കരിപ്പൂരിലെത്തിയ എയർ അറേബ്യയുടെ വിവിധ വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
ഡിസംബർ 25ന് നാല് യാത്രക്കാരിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 72,000 സിഗരറ്റാണ് പിടികൂടിയത്. ഡിസംബർ 26ന് നാല് യാത്രക്കാരിൽ നിന്ന് വിവിധ മാർഗത്തിലൂടെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 765.60 ഗ്രാം സ്വർണം പിടികൂടി. ഇതേ വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശികളായ 2 യാത്രക്കാരിൽ നിന്നും 8.5 കിലോ കുങ്കുമപ്പൂവും പിടിച്ചെടുത്തു. ഡിസംബർ 27ന് വടകര സ്വദേശിയായ അബ്ദുൾ സമദ് എന്ന യാത്രക്കാരനിൽ നിന്നാണ് മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 677.5 ഗ്രാം സ്വർണം പിടികൂടിയത്.