മലപ്പുറം: വാട്ട്‌സാപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിലായി. താനൂർ സ്വദേശി റിജാസ് (29) ആണ് അറസ്റ്റിലായത്. വനിതാ ജനപ്രതിനിധികൾക്കും കുടുംബശ്രീ ഭാരവാഹികൾക്കും വാട്‌സാപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഗൂഗിളിൽ നിന്നും ട്രൂ കോളർ വഴിയുമെല്ലാം ഫോൺ നമ്പറുകൾ ശേഖരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയും വ്യക്തിപരമായും ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നു. വ്യക്തിപരമായി നമ്പറുകളിലേക്ക് വീഡിയോ കോൾ ചെയ്‌ത് റിജാസ് ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിയുണ്ട്.
മലപ്പുറത്ത് വാട്‌സാപ്പ് അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ
താനൂർ സ്വദേശി റിജാസാണ് അറസ്റ്റിലായത്. ഗൂഗിളിൽ നിന്നും ട്രൂ കോളർ വഴിയും ഫോൺ നമ്പറുകൾ ശേഖരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയും വ്യക്തിപരമായും ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നു.
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ കൂടി ഇത്തരം സന്ദേശങ്ങൾ കാണാൻ ഇടയായതോടെ വ്യാപകമായ പരാതികൾ ഉയർന്നു. മൂന്ന് വാട്‌സാപ്പ് ഗ്രൂപ്പുകൾ ഇയാൾ നിർമിച്ചു. നിലമ്പൂർ, എടക്കര, പോത്തുകൽ, കാളികാവ്, പരപ്പനങ്ങാടി, താനൂർ, തിരൂർ തുടങ്ങി പതിനാലോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.
വസ്‌ത്ര കച്ചവടക്കാരനായ റിജാസ് തിരൂർ വിദേശ മാർക്കറ്റിന് സമീപത്തുനിന്നും കളഞ്ഞു കിട്ടിയ രാജസ്ഥാൻ പരിധിയിലുള്ള സിം കാർഡ് നമ്പറാണ് ഇതിനായി ഉപയോഗിച്ചത്. മലപ്പുറം പൊലീസ് സൂപ്രണ്ട് യു. അബ്‌ദുല്‍ കരീം ഐ.പി.എസ്, പെരിന്തൽമണ്ണ എ.എസ്.പി. ഹേമലത ഐ.പി.എസ് എന്നിവരുടെ നിർദേശപ്രകാരം പൂക്കോട്ടുംപാടം സി.ഐ. പി. വിഷ്‌ണുവാണ് സൈബർസെല്ലിന്‍റെ സഹായത്തോടെ താനൂരിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്‌തത്. വിവാഹിതനായ റിജാസിന് ഒരു കുട്ടിയുണ്ട്. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. വിശദമായ അന്വേഷണം നടത്തുമെന്ന് സി.ഐ പറഞ്ഞു.