മലപ്പുറം : മാസ്‌ക് ധരിക്കാത്തതിന് താക്കീത് ലഭിച്ച മൂത്തേടത്തെ ആയിശുമ്മക്ക് സെക്ടറല്‍ മജിസ്ട്രേറ്റിന്‍റെ വക സ്നേഹസമ്മാനം. മൂത്തേടം പഞ്ചായത്ത് കൊവിഡ് സ്ക്വാഡ് ഡ്യൂട്ടിയില്‍ പുതുതായി ചുമതലയേറ്റ സെക്ടറല്‍ മജിസ്ട്രേറ്റ് കെ. മുഹമ്മദ് റസാഖാണ് മുറം നിറയെ സമ്മാനങ്ങളുമായി ആയിശുമ്മയെ തേടിയെത്തിയത്.
ആയിശുമ്മയെ തേടി സെക്ടറല്‍ മജിസ്ട്രേറ്റെത്തി, മുറം നിറയെ സമ്മാനങ്ങളുമായി പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് കാരപ്പുറം ചോളമുണ്ട അത്തിമണ്ണില്‍ ആയിശയെന്ന എണ്‍പത്തഞ്ചുകാരിക്ക് മാസ്ക് ധരിക്കാത്തതിന് സെക്ടറല്‍ മജിസ്ട്രേറ്റ് താക്കീത് എഴുതി നല്‍കിയത്.
താക്കീത് നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്ക്വാഡിലുണ്ടായിരുന്നവരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റിനോട് തഹസില്‍ദാര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ കെ. മുഹമ്മദ് റസാഖിനെ സെക്ടറല്‍ മജിസ്ട്രേറ്റിന്‍റെ ചുമതലയേല്‍പ്പിച്ചത്. ആയിശുമ്മക്ക് നേരിട്ട വിഷമങ്ങള്‍ അകറ്റാനും കൊവിഡ് ബോധവത്കരണത്തിന്‍റെ ഭാഗമായിട്ടുമാണ് ഇദ്ദേഹം സമ്മാനങ്ങളുമായി വീട്ടിലെത്തിയത്.
ALSO READ:അന്ന് അന്നത്തിനായി ശിവഗിരിയില്‍ നാരങ്ങ വെള്ളം വിറ്റു ; ഇന്ന് ആനി ശിവ വര്‍ക്കല എസ്.ഐ
മാസ്ക്, സാനിറ്റൈസര്‍, പഴവര്‍ഗങ്ങള്‍, ബൂസ്റ്റ്, ബിസ്കറ്റ്, മിഠായി തുടങ്ങി നിരവധി സാധനങ്ങള്‍ക്കൊപ്പം ഫലവൃക്ഷത്തൈയും ആയിശുമ്മക്ക് സമ്മാനിച്ചു. വീട്ടുമറ്റത്ത് വൃക്ഷതൈ നടീലും കൊവിഡ് പ്രതിരോധ കാമ്പയിന്‍റെ സ്റ്റിക്കര്‍ പതിക്കലും ആയിശുമ്മ നിര്‍വഹിച്ചു.
സെക്ടറല്‍ മജിസ്ട്രേറ്റായി ചുമതലയേറ്റ മുഹമ്മദ് റസാഖ് കഴിഞ്ഞ ദിവസം, ശരിയായ രീതിയില്‍ മാസ്ക് ധരിച്ചവര്‍ക്ക് മധുരവും വിത്തുകളും വിതരണം ചെയ്തിരുന്നു.