മലപ്പുറം:ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ 14 ഗ്രാമപഞ്ചായത്തുകളില്‍ കൂടി കലക്‌ടർ 144 പ്രഖ്യാപിച്ചു. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുത്തൂർ, തെന്നല, തിരുവാലി, മുന്നിയൂർ, വളവന്നൂർ, എടവണ്ണ, വട്ടംകുളം, കീഴുപറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ് കൽപ്പകഞ്ചേരി, ഊർങ്ങാട്ടിരി എന്നീ 14 ഗ്രാമപഞ്ചായത്തുകളിലാണ് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ കലക്‌ടറുടെ നടപടി.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചായി ഈ പഞ്ചായത്തുകളിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു. എന്നാൽ സമാനമായ അവസ്ഥ തന്നെ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. അതേ സമയം ഇവിടങ്ങളിൽ അഞ്ച് പേരോ അതിലധികമോ പേർ കൂടിച്ചേരാൻ പാടില്ല. ഉത്സവങ്ങൾ, മത ചടങ്ങുകൾ എന്നിവയില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. സർക്കാർ ഓഫീസ്, ബാങ്ക്, പൊതുഗതാഗതം എന്നിവ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു പ്രവർത്തിക്കാമെന്നും ഉത്തരവിൽ പറയുന്നു.
നിയന്ത്രണങ്ങൾ ഇന്ന് രാത്രി 9 മണി മുതൽ പ്രാബല്യത്തിൽ വരും. ഇതിനുപുറമേ കഴിഞ്ഞ ദിവസങ്ങളിലായി കൊണ്ടോട്ടി മുനിസിപ്പാലിറ്റി ഉൾപ്പെടെ 24 ഇടങ്ങളിൽ 144 പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജില്ലയിൽ ഒരു മുനിസിപ്പാലിറ്റി ഉൾപ്പെടെ 37 ഗ്രാമപഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.