കേരളം

kerala

ETV Bharat / state

സന്തോഷ് ട്രോഫി : ഗുജറാത്തിനെ തകര്‍ത്തു ; സര്‍വീസസിന് ആദ്യ ജയം - സന്തോഷ് ട്രോഫി

ഗുജറാത്തിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് സര്‍വീസസ് വിജയം സ്വന്തമാക്കിയത്

santosh trophy  services beat gujarat  സന്തോഷ് ട്രോഫി  ഗുജറാത്തിനെതിരെ സര്‍വീസസിന് ജയം
സന്തോഷ് ട്രോഫി: ഗുജറാത്തിനെ തകര്‍ത്തു; സര്‍വീസസിന് ആദ്യ ജയം

By

Published : Apr 19, 2022, 9:31 PM IST

മലപ്പുറം :സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിന് ആദ്യ ജയം. മലപ്പുറം കോട്ടപ്പടിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെയാണ് സര്‍വീസസ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് സര്‍വീസസ് വിജയം സ്വന്തമാക്കിയത്. സര്‍വീസസിനായി നിഖില്‍ ശര്‍മ, കൃഷ്ണകണ്ഠ സിങ്, പിന്‍റു മഹാത എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ജയ്‌കനാനിയുടെ വകയാണ് ഗുജറാത്തിന്‍റെ ആശ്വാസ ഗോള്‍.

സന്തോഷ് ട്രോഫി: ഗുജറാത്തിനെ തകര്‍ത്തു; സര്‍വീസസിന് ആദ്യ ജയം

മുഖംമാറ്റി സര്‍വീസസ് :ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെ ഇറക്കിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് സര്‍വീസസ് ഗുജറാത്തിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്.

ആദ്യപകുതി :12ാം മിനുട്ടില്‍ സര്‍വീസസിന് ആദ്യ അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് ടോങ് ബ്രം കൃഷ്ണമണ്ഠ സിങ് നല്‍കിയ ക്രോസ് നിഖില്‍ ശര്‍മ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഗുജറാത്ത് ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. 16ാം മിനുട്ടില്‍ സര്‍വീസസിന് രണ്ടാം അവസരമെത്തി. ഇടതു വിങ്ങില്‍ നിന്ന് മലയാളി താരം സുനില്‍ നല്‍കിയ ക്രോസില്‍ വിവേക് കുമാര്‍ ഹെഡിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.

സന്തോഷ് ട്രോഫി: ഗുജറാത്ത്-സര്‍വീസസ് മത്സരത്തില്‍ നിന്ന്

20ാം മിനുട്ടില്‍ ഗുജറാത്ത് ലീഡെടുത്തു. വലത് വിങ്ങില്‍ നിന്ന് പ്രണവ് രാമചന്ദ്ര കന്‍സെ സര്‍വീസസ് പ്രതിരോധ താരത്തെ മറികടന്ന് ഫസ്റ്റ് ബോക്‌സിലേക്ക് നല്‍കിയ പാസില്‍ ജയ്കനാനി ഗോളാക്കി മാറ്റി. 29ാം മിനുട്ടില്‍ സര്‍വീസസിന് അവസരം ലഭിച്ചു. ബോക്‌സിന് പുറത്ത് നിന്ന് മലയാളി താരം അമല്‍ ദാസിന്‍റെ ലോങ് റൈങ്ജ് ഗുജറാത്തിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ അജ്മല്‍ മനോഹരമായി തട്ടി അകറ്റി.

തുടര്‍ന്നുവന്ന റിട്ടേണ്‍ ബോള്‍ കൃഷ്ണകണ്ഠക്ക് ലഭിച്ചെങ്കിലും ഓഫ്‌സൈഡ് ആയി. 37ാം മിനിട്ടില്‍ ഗുജറാത്ത് താരം പ്രണവ് സര്‍വീസസ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും പ്രതിരോധ താരം രക്ഷപ്പെടുത്തി. 39ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് സര്‍വീസസിന് അവസരം ലഭിച്ചു. മലയാളി താരം അമല്‍ ദാസ് ഉയര്‍ന്നുചാടി ഹെഡ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ ബോള്‍ പുറത്തേക്ക് പോയി.

സന്തോഷ് ട്രോഫി: ഗുജറാത്തിനെ തകര്‍ത്തു; സര്‍വീസസിന് ആദ്യ ജയം

മലയാളി ഗോള്‍ കീപ്പര്‍ അജ്മലിന്‍റെ ഇരട്ട സേവില്‍ സര്‍വീസസിന്‍റെ ഗോളവസരങ്ങള്‍ നഷ്ടമായി. 45ാം മിനിട്ടില്‍ സര്‍വീസസ് സമനില പിടിച്ചു. വലതുവിങ്ങിലൂടെ മുന്നേറ്റം നടത്തി റൊണാള്‍ഡോ ബോക്‌സിലേക്ക് നല്‍കിയ പാസ് ഗുജറാത്ത് പ്രതിരോധ താരത്തിന്‍റെ കാലില്‍ തട്ടി ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന നിഖില്‍ ശര്‍മക്ക് ലഭിച്ചു. നിഖില്‍ അനായാസം ഗോളാക്കി മാറ്റി.

സന്തോഷ് ട്രോഫി: സര്‍വീസസ് ടീം
രണ്ടാം പകുതി : രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ സര്‍വീസസിന്‍റെ ആക്രമണമാണ് കണ്ടത്. തുടരെ ഗുജറാത്ത് ബോക്‌സിലേക്ക് ആക്രമണം നടത്തിയ സര്‍വീസസ് 49ാം മിനിട്ടില്‍ ലീഡെടുത്തു. വിവേക് കുമാര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ച പന്ത് ഗുജറാത്ത് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി കൃഷ്ണകണ്ഠ സിങ്ങിന് ലഭിച്ചു.താരം ഗോളാക്കി മാറ്റി.
സന്തോഷ് ട്രോഫി: ഗുജറാത്ത് ടീം

85ാം മിനുട്ടില്‍ സര്‍വീസസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് കൃഷ്ണകണ്ഠ സിങ് നല്‍ക്കിയ പാസില്‍ പിന്‍റു മഹാതയുടെ ഹെഡറിലൂടയായിരുന്നു ഗോള്‍. ഐ.ലീഗില്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബഗാന്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച താരമാണ് പിന്‍റു മഹാത.

ABOUT THE AUTHOR

...view details