മലപ്പുറം :സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതയ്‌ക്കായി കേരളം വെള്ളിയാഴ്‌ചയിറങ്ങും. വൈകീട്ട് എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്‍റെ എതിരാളി. മേഘാലയക്കെതിരെയുള്ള മത്സരത്തിലേറ്റ അപ്രതീക്ഷിത സമനില കേരളത്തിന്‍റെ സെമി പ്രവേശനത്തിന് വെല്ലുവിളിയായിട്ടുണ്ട്.
സഫ്‌നാദിന്‍റെ ഗോള്‍ ടീമിന് ഗുണംചെയ്യും :പഞ്ചാബിന് എതിരെയുള്ള മത്സരത്തില്‍ വിജയം നേടി സെമി യോഗ്യത ഉറപ്പിക്കാനാകും കേരളം ശ്രമിക്കുക. കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടാം പകുതിയില്‍ പകരക്കാരായി എത്തി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ജെസിനും നൗഫലിനും പരീശീലകന്‍ ആദ്യ ഇലവനില്‍ സ്ഥാനം നല്‍കിയേക്കും. കേരള പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലായിരുന്ന വിഖ്നേഷിന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തില്‍ താളം കണ്ടെത്താനാകാത്തത് കേരള ടീമിന് ചെറിയ തലവേദനയൊന്നുമല്ല സൃഷ്‌ടിക്കുന്നത്.
മേഘാലയക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച സ്‌ട്രൈക്കര്‍ സഫ്‌നാദ് ഗോള്‍ നേടിയത് ടീമിന് ഗുണംചെയ്യും. ക്യാപ്റ്റന്‍ ജിജോ ജോസഫും, അര്‍ജുന്‍ ജയരാജും, മുഹമ്മദ് റാഷിദും നയിക്കുന്ന മധ്യനിര പഞ്ചാബിനെതിരെയും തുടരും. കേരളത്തിന് ധാരാളം ഗോളവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഫിനിഷിങ്ങിന്‍റെ പോരായ്‌മ പ്രകടമാണ്.
വിജയം അനിവാര്യം :പഞ്ചാബ് ആണെങ്കില്‍ ആദ്യ മത്സരത്തില്‍ ബെംഗാളിനോട് തോറ്റതിന് ശേഷം രാജസ്ഥാനെതിരെ ഗോള്‍ നേടി മേളം നടത്തിയാണ് നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. കരുത്തുറ്റ പ്രതിരോധമാണ് പഞ്ചാബിന്‍റെ ശക്തി. പകരക്കാരനായി ഇറങ്ങിയ ബെംഗാളിനെതിരെ മികച്ച പ്രകടനം കാഴ്‌ചവച്ച രോഹിത് ഷെയ്‌ഖിന് കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ അവസരം നല്‍കിയിരുന്നെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ചില മുന്നേറ്റങ്ങള്‍ എതിര്‍ പ്രതിരോധ നിരക്ക് തലവേദനയാണ്.
ആദ്യ മത്സരത്തില്‍ ഫോം കണ്ടെത്താന്‍ സാധിക്കാത്ത തരുണ്‍ സ്ലാതിയ രണ്ടാം മത്സരത്തില്‍ ഫോംകണ്ടെത്തിയത് ടീമിന് ഗുണം ചെയ്യും. രാജസ്ഥാനെതിരെ 68-ാം മിനിറ്റിലിറങ്ങി രണ്ട് ഗോളാണ് തരുണ്‍ സ്ലാതിയ നേടിയത്. വൈകിട്ട് നാല് മണിക്ക് മലപ്പുറം കോട്ടപ്പടിയില്‍ നടക്കുന്ന മത്സരത്തില്‍ ബെംഗാള്‍ മേഘാലയയെ നേരിടും.