മലപ്പുറം: കെ.സുരേന്ദ്രനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് നികൃഷ്‌ടമായ പ്രയോഗമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. മറ്റുള്ളവരെ മനോരോഗിയെന്ന് വിളിക്കുന്ന മുഖ്യമന്ത്രി മനോരോഗിയായ ഏകാധിപതിയാണെന്നും സന്ദീപ് വാര്യർ പത്രസമ്മേളനത്തിൽ പറഞ്ഞു. നെല്ലിക്കാത്തളം വയ്‌ക്കേണ്ടത് മുഖ്യമന്ത്രിയുടെ തലയിലാണ്. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞപ്പോൾ എന്തിന് പ്രകോപിതനായെന്നും പിണറായി വിജയൻ എന്തൊക്കയോ ഒളിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കെ. സുരേന്ദ്രനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ രൂക്ഷപ്രതികരണവുമായി സന്ദീപ് വാര്യർ - sandeep warrier against pinarayi vijayan
സ്വപ്‌നയേയും മുഖ്യമന്ത്രിയുടെ മകളെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന് സന്ദീപ് വാര്യർ പത്രസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി മനോരോഗിയായ ഏകാധിപതിയാണെന്നും സന്ദീപ് വാര്യർ
സ്വപ്‌നയേയും മുഖ്യമന്ത്രിയുടെ മകളെയും ഒരുമിച്ച് ചോദ്യം ചെയ്യണം. മകളുടെ രണ്ടാം വിവാഹ ദിവസത്തിലെ ക്ലിഫ് ഹൗസിലെ അൺ എഡിറ്റഡ് വീഡിയോ പുറത്തു വിടണം. മകളുടെ ഫ്ലാറ്റിലേക്ക് ഫർണിച്ചർ വാങ്ങി നൽകിയത് സ്വപ്‌ന സുരേഷാണ്. മുഖ്യമന്ത്രി ജലീലിനെ എന്തിന് ഭയപ്പെടുന്നുവെന്ന് ചോദിച്ച സന്ദീപ് മന്ത്രി കെ.ടി ജലീൽ പച്ചയായ വർഗീയവാദിയാണെന്നും അഭിപ്രായപ്പെട്ടു. തീവ്രവാദ സംഘടനയുമായി പാർട്ടിയെ അടുപ്പിക്കുന്ന പാലമാണ് ജലീൽ. മടിയിൽ കനമില്ലെങ്കിൽ എന്തിന് മുഖ്യമന്ത്രി പ്രകോപിതനാവണമെന്നും ബിജെപി സംസ്ഥാന വക്താവ് ചോദിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി നിർണായക ശക്തിയായി വരുമെന്ന് ഭയന്ന യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് മാറ്റാൻ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുവച്ചു എന്ന അഭിപ്രായത്തിൽ താനിപ്പോഴും ഉറച്ചു നിൽക്കുന്നതായും താൻ പറഞ്ഞത് ശരി വയ്ക്കുന്നതാണ് സെക്ഷനിലെ ഉദ്യോഗസ്ഥയെ മാറ്റിയ സംഭവമെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. കേരളം ഭരിക്കുന്നത് പിണറായിയുടെ ഒപ്പിടുന്ന വ്യാജ മുഖ്യമന്ത്രിയാണെന്നും സന്ദീപ് വാര്യർ പത്രസമ്മേളനത്തില്‍ പറഞ്ഞു.