മലപ്പുറം: പ്രളയം തകർത്ത മതിൽ മൂല കോളനിയിൽ ജില്ലാ പഞ്ചായത്തിന്‍റെ റോഡ് നിർമാണം തുടങ്ങി. കോളനിയിലെ 52 കുടുംബങ്ങൾക്കും മറ്റ് സ്ഥലങ്ങളിൽ താമസം ഒരുക്കുന്നതിനിടയിലാണ്, വാസയോഗ്യമല്ലെന്ന് ജിയോളജി വിഭാഗം കണ്ടെത്തിയ കോളനിയിലേക്ക് 25 ലക്ഷം രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് റോഡ് നിർമാണം തുടങ്ങിയത്.
പ്രളയം തകര്‍ത്ത മതിൽമൂല കോളനിക്ക് കാൽകോടിയുടെ റോഡ്
വാസയോഗ്യമല്ലെന്ന് ജിയോളജി വിഭാഗം കണ്ടെത്തിയ കോളനിയിലേക്ക് 25 ലക്ഷം രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് റോഡ് നിർമാണം തുടങ്ങിയത്.
കോളനി നിവാസികൾ താമസം മാറ്റുന്ന സാഹചര്യത്തിൽ ഈ റോഡിന് ചിലവഴിക്കുന്ന തുക നഷ്ടമാകുമെന്നും, കൂടുതൽ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന സ്ഥലത്ത് നടപടി മാറ്റണമെന്നും ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും റോഡ് നിർമാണവുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകുകയാണ്.
കോളനിയിലെ പട്ടികജാതി കുടുംബങ്ങളെ അകമ്പാടം കണ്ണംകുണ്ട് ട്രൈബൽ വില്ലേജിലേക്കും, പട്ടിക വർഗത്തിൽപെട്ട കുടുംബങ്ങളെ കരിമ്പുഴ ജവഹർ കോളനിയിലേക്കും ജനറൽ കുടുംബങ്ങളെ പെരുമ്പത്തൂരിലേക്കുമാണ് മാറ്റുന്നത്. ഇതിനിടയിലാണ് 115 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും റോഡ് നിർമിക്കുന്നത്. കാൽ കോടി രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന റോഡ് സ്വകാര്യ വ്യക്തിയുടെ സ്ഥലം സംരക്ഷിക്കാനാണെന്ന വാദം പ്രദേശവാസികളിൽ ചിലർ ഉന്നയിക്കുന്നു.