മലപ്പുറം: തവനൂർ മണ്ഡലത്തിലെ സിപിഎമ്മിനുള്ളിൽ കലാപക്കൊടി ഉയരുന്നെന്ന് പി.കെ. ഫിറോസ്. തവനൂരിലെ കെ.ടി. ജലീലിന്‍റെ എതിരാളിയായി യുഡിഎഫിൽ നിന്ന് ജനവിധി തേടുന്നത് ഫിറോസാണ്. ഇത്തവണ തവനൂർ മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുമെന്നും പി.കെ. ഫിറോസ് കൂട്ടിചേർത്തു. താൻ എതിരാളിയാണോ അല്ലയോ എന്ന് വ്യക്തമായി അറിയുന്ന ആളാണ് കെ.ടി. ജലീലെന്നും ഫിറോസ് വ്യക്തമാക്കി.
തവനൂരിലെ സിപിഎമ്മിനുള്ളിൽ കലാപക്കൊടി ഉയരുന്നതായി പി.കെ. ഫിറോസ് - തവനൂർ യുഡിഎഫ്
മുമ്പൊന്നും കാണാത്ത പരിതാപകരമായ അവസ്ഥയിലൂടെയാണ് സിപിഎം കടന്നുപോകുന്നതെന്നും പി.കെ. ഫിറോസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും മുമ്പെങ്ങും കാണാത്ത രീതിയിൽ ഒറ്റക്കെട്ടായാണ് ഈ തെരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടുന്നതെന്നും പികെ ഫിറോസ് പറഞ്ഞു. എന്നാൽ, പാളയത്തിൽ പടയുള്ളത് ഇടതുപക്ഷമുന്നണിയിലാണെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം എടുത്ത ഒരു തീരുമാനം മാറ്റേണ്ടി വരുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളതെന്നും മുമ്പൊന്നും കാണാത്ത പരിതാപകരമായ അവസ്ഥയിലൂടെയാണ് സിപിഎം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തവനൂരിൽ ആര് മത്സരിച്ചാലും അവിടെ വിജയക്കൊടി പാറിക്കുക യുഡിഎഫ് ആയിരിക്കുമെന്നും പി.കെ. ഫിറോസ് കൂട്ടിചേർത്തു. കെ.ടി. ജലീൽ രണ്ട് തവണ ജയിച്ചിട്ടും മണ്ഡലത്തിൽ ഒന്നും ചെയ്‌തിട്ടില്ലെന്നും അതുകൊണ്ട് മണ്ഡലം ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കുമെന്നും പി.കെ. ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.