മലപ്പുറം:കവളപ്പൊയ്കയെന്ന നാട്ടു ഗ്രാമത്തിൽ ഇപ്പോൾ അതുല്യയെന്ന കൊച്ചു മിടുക്കിയാണ് താരം. കലക്കം പുഴയുടെ ഓളപ്പരപ്പിനുമേൽ ഒരു വലിയ പാലം എന്ന പതിറ്റാണ്ടുകളായുള്ള സ്വപ്നത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലൂടെ ചിറകു മുളക്കുന്നത്. കഴിഞ്ഞ മാസമാണ് തങ്ങളുടെ ഗ്രാമത്തിന്‍റെ ദുരിതവും ദുരന്തവും വിവരിച്ച് എം ആർ അതുല്യ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്.
അതുല്യയുടെ കത്തിന് പ്രധാനമന്ത്രിയുടെ മറുപടി; കലക്കം പുഴക്ക് കുറുകെ പാലം വരും 2019ലെ പ്രളയവും നാടിന് സംഭവിച്ച ദുരന്തവും അതുല്യയുടെ കത്തിൽ പ്രതിപാദിച്ചിരുന്നു. സ്കൂളും, പള്ളിയും, ചന്തയും എന്നു വേണ്ട എന്തിനും ഏതിനും കലക്കം പുഴ മറികടന്നെ എത്താൻ സാധിക്കൂ. മഴക്കാലത്ത് അടുത്ത ടൗണിലെത്തുകയെന്നത് വളരെ പ്രയാസകരമാണ്. പശ്ചിമഘട്ട മലനിരകളിൽ നിന്നുത്ഭവിക്കുന്ന മരുത പുഴ രണ്ടായി പിരിഞ്ഞാണ് കലക്കൻ പുഴയിൽ സംഗമിക്കുന്നത്.
മഴക്കാലം പ്രദേശത്തുകാർക്ക് ഒറ്റപ്പെടലുകളുടേതാണ്. വെള്ളം നിറഞ്ഞാൽ പാതി പാലമുള്ള പുഴയിൽ ബാക്കി ഭാഗം പുഴയിലേക്ക് ചെങ്കുത്തായി കെട്ടിയിറക്കിയ നിലയിലാണ്. ഒരു ചെറിയ മഴ പെയ്താലും നനയാതെ മറുകര പറ്റാനാവില്ലെന്നതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. സ്കൂളിൽ പോകാനാവാതെ കുട്ടികളും, ആശുപത്രിയിൽ പോലും എത്തിപ്പെടാനാകാതെ വൃദ്ധജനങ്ങളും ദുരിതം പേറാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
പാലം എന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തോട് രാഷ്ട്രീയ പാർട്ടികൾ മുഖം തിരിച്ചപ്പോഴാണ് പുഴയുടെ തീരത്ത് താമസിക്കുന്ന കൊച്ചു മിടുക്കി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ചുങ്കത്തറ കാർമൽഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് അതുല്യ.
മകൾ അയച്ച കത്തിന് ഉടൻ പ്രതികരണം വന്നതിന്‍റെ സന്തോഷത്തിലാണ് അതുല്യയുടെ അച്‌ഛൻ ഡോ. രാംകുമാറും അമ്മ രേഖയും. പ്രധാനമന്ത്രിയുടെ ഓഫീസ് ഉടൻ വിഷയം പഠിച്ച് റിപ്പോർട്ട് തേടിയതോടെ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ജെഎസ് ജലീൽ, സ്റ്റാഫംഗം ബിജി എന്നിവർ പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. വിഷയം പുതുതായി ചുമതലയേൽക്കുന്ന ഭരണ സമിതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.