മലപ്പുറം:വളാഞ്ചേരിയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 40 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആതവനാട് ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്‍റെ മകള്‍ സുബീറ ഫര്‍ഹത്തിന്‍റെ (21) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പ്രതി അന്‍വറിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. മോഷണത്തിനായാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഫര്‍ഹത്തിനെ കടന്നു പിടിച്ച് മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്‌തതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം ലഭിച്ച സ്ഥലം നടത്തിപ്പുകാരനാണ് ഇയാള്‍.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ ക്വാറിക്ക് അടുത്ത ഭൂമിയില്‍ മണ്ണിട്ട് മൂടിയ നിലയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിനുള്ളില്‍ നിന്ന് മൃതദേഹാവശിഷ്‌ടങ്ങള്‍ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.