കേരളം

kerala

By

Published : Nov 25, 2019, 7:21 PM IST

ETV Bharat / state

ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന

ജീവനക്കാരുടെ പെരുമാറ്റവും കാര്യക്ഷമമായ പ്രവര്‍ത്തനവും സമയബന്ധിത സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായാണ് കലക്‌ടറുടെ നേതൃത്വത്തിൽ 16 ടീമുകൾ മിന്നല്‍ പരിശോധന നടത്തിയത്.

വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന

മലപ്പുറം: ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ കലക്‌ടറുടെ മിന്നല്‍ പരിശോധന. 16 ടീമുകൾ ഇരുപതോളം വില്ലേജ് ഓഫീസുകൾ ഒരേ സമയം പരിശോധന നടത്തി. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും ജീവനക്കാരുടെ പെരുമാറ്റവും സമയബന്ധിത സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായാണ് മുന്‍കൂട്ടി അറിയിക്കാതെയുള്ള പരിശോധന നടത്തിയത്.
ജില്ലാ കലക്‌ടർ, എഡിഎം, സബ്‌കലക്‌ടർ, ഡെപ്യൂട്ടി കലക്‌ടര്‍മാർ, അസിസ്റ്റന്‍റ് കലക്‌ടർ, തഹസില്‍ദാര്‍മാർ തുടങ്ങിയവരാണ് പരിശോധനക്കുള്ള ടീമിലുൾപ്പെട്ടിരുന്നത്. വില്ലേജ് ഓഫീസുകളിലെ ഹാജര്‍ പുസ്തകം, ‌ഔദ്യോഗിക യാത്രകളും മറ്റും രേഖപ്പെടുത്തുന്ന മൂവ്മെന്‍റ് രജിസ്റ്റര്‍, കൈവശമുള്ള പണം രേഖപ്പെടുത്തേണ്ട ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട രേഖകള്‍, അപേക്ഷകളുടെ രജിസ്റ്റര്‍, വില്ലേജിലെത്തിയ പൊതുജനങ്ങളുടെ അഭിപ്രായം, ഫയലുകളുടെയും രജിസ്റ്ററുകളുടെയും പരിപാലനം എന്നിയവയാണ് പ്രധാനമായും പരിശോധിച്ചത്.
പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ സംബന്ധിച്ച് അപ്പോൾതന്നെ നോട്ടീസ് നല്‍കി ജീവനക്കാരില്‍ നിന്നും വിശദീകരണവും ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും ഗുരുതമായ വീഴ്‌ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കലക്‌ടർ അറിയിച്ചു.

ABOUT THE AUTHOR

...view details