മലപ്പുറം: കര്‍ഷകരുടെയും പ്രവാസികളുടെയും പ്രശ്‌നങ്ങളില്‍ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. വയനാട് മണ്ഡലത്തിലെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ റബർ മേഖലയിലെ പ്രതിസന്ധി മൂലം കർഷകർ ഏറെ ദുരിതത്തിലാണെന്നും ആയിരക്കണക്കിന് ടാപ്പിങ് തൊഴിലാളികൾ പട്ടിണിയിലാണെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. പ്രവാസികളുടെ പ്രതിസന്ധിയും എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
രാഹുല്‍ ഗാന്ധിയുമായി ആര്യാടന്‍ മുഹമ്മദിന്‍റെ ചർച്ച: പ്രവാസികളും കാർഷിക പ്രതിസന്ധിയും ചർച്ചായായി
റബർ മേഖലയിലെ പ്രതിസന്ധി മൂലം കർഷകർ ഏറെ ദുരിതത്തിലാണെന്ന് ആര്യാടന്‍ മുഹമ്മദ്.
മണ്ഡലത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ പരാമവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വെന്‍റിലേറ്ററുകൾ, ഭക്ഷ്യവസ്‌തുക്കൾ തുടങ്ങിയവക്കായി തന്നെ ബന്ധപ്പെടാവുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്ക് ഡൗണില്‍ ജനങ്ങൾ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും വീഴ്‌ചകൾ വന്നിട്ടുണ്ട്. പക്ഷേ അതിന്‍റെ പേരിൽ തർക്കിച്ച് സമയം കളയാനില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. നിലമ്പൂരിലെ വീട്ടിൽ മകൻ ആര്യാടൻ ഷൗക്കത്തിനുമൊപ്പമാണ് ആര്യാടൻ മുഹമ്മദ് രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്.