മലപ്പുറം : വഫഖ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മതസംഘടനാ നേതാക്കളുടെ യോഗത്തില്‍ പുതിയ ഉറപ്പൊന്നും നല്‍കാത്ത മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണങ്ങളാണ് നടത്തിയതെന്ന് മുസ്‌ലിംലീഗ് ഉന്നതാധികാര സമിതിയംഗം കെ.പി.എ മജീദ്. പച്ചക്കളം പറഞ്ഞ മുഖ്യമന്ത്രി തിരുത്താന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റമദാന്‍ മാസം കഴിഞ്ഞാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് രൂപം നല്‍കും. ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നത് വരെ ആരും എതിര്‍പ്പ് അറിയിച്ചില്ലെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത് തീര്‍ത്തും അവാസ്തവമാണ്. മതനേതാക്കളെയെല്ലാം വിളിച്ചുകൂട്ടി ഇത്തരത്തില്‍ നുണ പറയാന്‍ എങ്ങനെ മുഖ്യമന്ത്രിക്ക് കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയത്തില്‍ 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും ഒന്നിച്ച് ഗവര്‍ണറെ പോയി കണ്ടിരുന്നു. മാത്രമല്ല സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി. മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. നിയമസഭയ്ക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭ രേഖയിലുള്ളതാണ്.
സഭയിലെ നടപടി എണ്ണിപ്പറഞ്ഞ് കെപിഎ മജീദ് :ഈ നിയമം അവതരിപ്പിക്കുന്ന സമയത്ത് ക്രമപ്രശ്‌നം ഉന്നയിക്കുന്നത് എന്‍. ഷംസുദ്ദീന്‍ എംഎല്‍.എയാണ്. ഇത് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം വാദിച്ചു. ഈ ബില്ല് ഇവിടെ അവതരിപ്പിക്കാന്‍ കഴിയില്ല ഇത് നിരാകരിക്കണമന്ന് താനും കുറിക്കോളി മൊയ്തീനും സഭയില്‍ ആവശ്യപ്പെട്ടു. ഈ നിയമം സബ്‌ജക്ട് കമ്മിറ്റിക്ക് വിടുന്നതിന് പകരം പൊതുജനാഭിപ്രായത്തിന് വിടണമെന്ന് നജീബ് കാന്തപുരം എംഎല്‍എയും പറഞ്ഞു.