മലപ്പുറം: കോഴിമാലിന്യ കമ്പനിക്കെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മമ്പാട് ഗ്രാമപഞ്ചായത്തിലേക്ക് ബഹുജന മാർച്ചും ഉപരോധ സമരവും. മമ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട പാലക്കടവിൽ കോഴിമാലിന്യം സംസ്‌കരിച്ച് ജൈവവളം നിർമിക്കുന്ന ബിറ്റോ മാലിന്യ കമ്പനി അടച്ചു പൂട്ടണമെന്ന ആവശ്യവുമായാണ് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തിയത്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ഉപരോധസമരം അഡ്വ പി.എ പൗരൻ ഉദ്ഘാടനം ചെയ്‌തു.
കോഴിമാലിന്യ ഫാക്‌ടറിയിൽ നിന്നുമുള്ള ദുർഗന്ധം മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാലക്കടവിലെ കുടുംബങ്ങൾ എന്ന് സമരക്കാർ പറയുന്നു. പഞ്ചായത്ത് നൽകിയ ലൈസൻസ് റദ്ദാക്കണമെന്നും കമ്പനി അടച്ചുപൂട്ടണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കലക്‌ടറോ തഹസിൽദാരോ നേരിട്ട് ചർച്ചക്ക് വരണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇതിനിടെ സമരക്കാർക്കിടയിൽ ഉണ്ടായ തർക്കത്തിൽ പൊലീസ് ഇടപെട്ടതോടെ പൊലീസും സമരക്കാരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തുനീക്കി. പൊലീസ് മർദിച്ചതായി സമരക്കാർ ആരോപിക്കുന്നു.
കോഴിമാലിന്യ ഫാക്‌ടറിക്കെതിരെ കഴിഞ്ഞ മാസം പ്രദേശവാസികൾ പരാതി നൽകിയിരുന്നതായി പഞ്ചായത്ത് വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ എം.ടി അഹമ്മദ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ മമ്പാട് ഹെൽത്ത് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കമ്പനി സന്ദർശിച്ചിരുന്നു. പ്രദേശവാസികളുടെ പരാതിയിൽ പറയുന്നതുപോലെ അവിടെ മാലിന്യപ്രശ്നമുണ്ടെന്നും കോഴി മാലിന്യങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ കഴുകി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായും കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ കമ്പനി ഉടമയ്ക്ക് നോട്ടീസ് നൽകുകയും ലൈസൻസ് പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടിരുന്നു.
ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്തിന് അധികാരമില്ല. ഇക്കാര്യങ്ങൾ കലക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യത്തിനും പഞ്ചായത്ത് കൂട്ടുനിൽക്കില്ലെന്നും എം.ടി അഹമ്മദ് പറഞ്ഞു.