മലപ്പുറം: കന്നിവോട്ടർമാർക്ക് സംശയം ഏതും ഇല്ലാതെ ആത്മ വിശ്വാസത്തോടെ ഇനി വോട്ട് ചെയ്യാം. മലപ്പുറം ജില്ലയിലെ കോട്ടക്കുന്ന് സ്വദേശി ഇസഹാഖ് പോരൂരും സംഘവും ഇവിടെ കന്നിവോട്ടമാർക്കുള്ള വോട്ടിങ് യന്ത്രങ്ങൾ നിമിക്കുകയാണ്. സംശയിക്കണ്ട, ഇത് കുറഞ്ഞ ചിലവിൽ നിർമിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ മാതൃകയാണ്. ബാലറ്റ് പേപ്പർ മാറി വോട്ടിങ് യന്ത്രങ്ങൾ വന്നപ്പോൾ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായെങ്കിലും കന്നി വോട്ടർമാക്ക് പരിചയക്കുറവ് മൂലം സംശയങ്ങൾ വന്നേക്കാം. അതിനാലാണ് സംസ്ഥാനത്ത് പലയിടത്തും തെരഞ്ഞെടുപ്പ് ദിനം എത്തുന്നതിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങളുടെ മാതൃകകൾ പരിചയപ്പെടുത്തുന്നത്.
കന്നിവോട്ടർമാർക്കായി വോട്ടിങ് യന്ത്രങ്ങൾ നിർമിച്ച് ഇസഹാഖും കൂട്ടരും
ഇസഹാഖും കൂട്ടരും വോട്ടിങ് യന്ത്രങ്ങൾ വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് ഇവിടെ നിർമിക്കുന്നത്
ഇസഹാഖ് ഇത്തരത്തിൽ വോട്ടിങ് യന്ത്രങ്ങളുടെ മാതൃക നിർമിച്ച് തുടങ്ങിയിട്ട് നാള് കുറച്ചായി. കഴിഞ്ഞ നിയമസഭാ, ലോകസഭാ തെരെഞ്ഞെടുപ്പുകൾക്കും ഉപതെരെഞ്ഞെടുപ്പുകൾക്കും ഉൾപ്പെടെ ഇവിടെ വോട്ടിങ് യന്ത്രങ്ങളുടെ മാതൃക വാങ്ങാൻ നിരവധി ആളുകളെത്തിയതായി ഇസ്ഹാഖ് പറയുന്നു. ഇപ്രാവശ്യം കൂടുതൽ മികച്ചതും ഒറിജിനലിനെ വെല്ലുന്ന തരത്തിലുമുള്ള യന്ത്രങ്ങളുമാണ് ഇസ്ഹാഖും സംഘവും നിർമിക്കുന്നത്. യാഥാർഥ വോട്ടിങ് യന്ത്രത്തിന് സമാനമായി സ്ഥാനാർഥിയുടെ ക്രമ നമ്പറിന് നേരെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ അതിൽ നൽകിയിരിക്കുന്ന ബട്ടണിൽ അമർത്തിയാൽ പ്രകാശത്തോടെ ബീപ്പ് ശബ്ദവും കേൾക്കും.
എല്ലാത്തവണയും വോട്ടിങ് യന്ത്രങ്ങളുടെ ഓർഡറുകൾ നേരത്തെ ലഭിച്ചു തുടങ്ങുമായിരുന്നു. എന്നാൽ ഇത്തവണ സ്ഥാനാർഥി നിർണയം വൈകിയത് ഓർഡറുകൾ കിട്ടാൻ കാലതാമസമെടുത്തു. എന്തായാലും ഇസ്ഹാഖും കൂട്ടരും കൂടുതൽ മാതൃകകൾ കുറഞ്ഞ സമയത്തിന് ഉള്ളിൽ നിർമിക്കാനുള്ള തത്രപ്പാടിലാണ്. ആദ്യമായി തന്‍റെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ ഒരുങ്ങുന്ന വോട്ടർമാർക്ക് ഇസഹാഖിന്‍റെ ഈ മാതൃക ഒന്ന് പരീക്ഷിക്കാവുന്നതാണ്.