മലപ്പുറം: കൊവിഡ് നിയന്ത്രണം കർഷനമാക്കിയതോടെ സ്വകാര്യ ബസ് സർവീസ് വീണ്ടും പ്രതിസന്ധിയിലായി. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട മേഖലയാണ് സ്വകാര്യ ബസ് സർവീസ്. കഴിഞ്ഞ വർഷം രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബസുകൾ മാസങ്ങളോളം കട്ടപ്പുറത്തായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സർവീസ് പുനരാരംഭിച്ചു. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും നടന്നതോടെ മലപ്പുറം ജില്ലയിലടക്കം കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിനായി ബസുകളിൽ നിന്നു യാത്ര ചെയ്യുന്നത് നിർത്തലാക്കി. സീറ്റുകളുടെ എണ്ണം അനുസരിച്ചുള്ള യാത്രക്കാരെ മാത്രമേ കയറ്റാൻ കഴിയൂ.
കൊവിഡ് നിയന്ത്രണങ്ങൾ: സ്വകാര്യ ബസ് സർവീസ് വീണ്ടും പ്രതിസന്ധിയിലേക്ക് - കൊവിഡ് നിയന്ത്രണം
കൊവിഡ് വ്യാപനം തടയുന്നതിനായി ബസുകളിൽ നിന്നു യാത്ര ചെയ്യുന്നത് നിർത്തലാക്കി. സീറ്റുകളുടെ എണ്ണം അനുസരിച്ചുള്ള യാത്രക്കാരെ മാത്രമേ കയറ്റാൻ കഴിയൂ എന്നത് പ്രതിസന്ധി ഉയർത്തുന്നതായി ജീവനക്കാർ പറയുന്നു.
നിലമ്പൂർ താലൂക്കിൽ മാത്രം ആയിരത്തോളം തൊഴിലാളികളാണ് സ്വകാര്യ ബസുകളെ ആശ്രയിച്ച് ജീവിക്കുന്നത്. നിയന്ത്രണം വന്നതോടെ യാത്രക്കാരിൽ വലിയ കുറവാണുണ്ടായതെന്ന് നിലമ്പൂർ - എരുമമുണ്ട് റോഡിലെ സ്വകാര്യ ബസ് ഡ്രൈവറായ രാജൻ പറയുന്നു, രാവിലെ മുതൽ രാത്രി വരെ ബസ് ഓടിച്ചാൽ 500 രൂപ കിട്ടാത്ത അവസ്ഥയാണ്. ലക്ഷങ്ങൾ മുടക്കി ബസ് നിരത്തിലിറക്കിയ ബസ് ഉടമകൾക്ക് 100 രൂപ പോലും കിട്ടാത്ത ദിവസങ്ങളുമുണ്ട്. പല ബസ് ഉടമകളും സർവീസ് നിറുത്തിവെയ്ക്കാത്തത് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണെന്നും രാജൻ പറഞ്ഞു. ഡീസൽ വില വർധനയും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. 'ബസ് നികുതിയും' ഇൻഷുറൻസുമെല്ലാം അടക്കണമെങ്കിൽ ബസ് ഉടമകൾ കടം വാങ്ങേണ്ട അവസ്ഥയാണ്.