മലപ്പുറം: ജീവിതം വഴിമുട്ടി സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും. കൊവിഡ് 19 വൈറസ് ബാധ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ഒന്നാണ് സ്വകാര്യ ബസ് സർവ്വീസ് മേഖല. ഈ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ മുണ്ടു മുറുക്കി ഉടുക്കാൻ തുടങ്ങിയിട്ട് അഞ്ച് മാസമാകുന്നു. സംസ്ഥാന സർക്കാർ മാർച്ചിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളോളം സ്വകാര്യ ബസുകൾ സർവ്വീസ് നിര്‍ത്തിവച്ചിരുന്നു. പീന്നീട് ഇളവുകൾ അനുവദിച്ചപ്പോൾ നിബന്ധനകളോടെ സർവ്വീസ് നടത്താൻ സർക്കാർ അനുമതി നൽകിയെങ്കിലും നഷ്ടം കണക്കിലെടുത്ത് സ്വകാര്യ ബസ് ഉടമകളിൽ ഭൂരിഭാഗവും സർവ്വീസ് നടത്തിയില്ല. ഇതിനിടെ സർക്കാർ 25 ശതമാനം ബസ് ചാർജ് വർധിപ്പിക്കുകയും, മിനിമം ചാർജ് 8 രൂപയിൽ നിന്നും പത്ത് രൂപയാക്കി ഉയർത്തുകയും ചെയ്യതതോടെ സർവ്വീസ് ആരംഭിച്ചു. എന്നാൽ നിലമ്പൂർ നഗരസഭ കണ്ടെയിൻമെന്‍റ് സോണായതോടെ ബസ് ജീവനക്കാരുടെയും, ഉടമകളുടെയും ജീവിതവും വീണ്ടും ലോക്കായി.
ജീവിതം വഴിമുട്ടി സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും - നിലമ്പൂർ
ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളോളം സ്വകാര്യ ബസുകൾ സർവ്വീസ് നിര്‍ത്തിവച്ചിരുന്നു
നിലമ്പൂർ മേഖലയിൽ സ്വകാര്യ ബസ് സർവ്വീസ് പൂർണമായും നിലച്ചു. 400 ഓളം തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലേക്ക് നീങ്ങിയത്. ഒരു സമയത്ത് യാത്രക്കാരുടെ ആധിക്യം കൊണ്ട് നിറഞ്ഞിരുന്ന ബസ് സ്‌റ്റാൻഡുകൾ വീണ്ടും നിശ്ചലമായി. സ്വകാര്യ ബസ് ഉടമകളിൽ പലരും ബാങ്ക് വായ്പ അടക്കം എടുത്താണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ അഞ്ച് മാസമായി വരുമാനമില്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സ്വകാര്യ ബസ് ജീവനക്കാർക്ക് പ്രത്യേക പാക്കേജ് അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് ബസ് ഉടമ സംഘം നിലമ്പൂർ താലൂക്ക് പ്രസിഡന്‍റ് മുസ്‌തഫ കളത്തുംപടിക്കൽ പറഞ്ഞു.