മലപ്പുറം:ആഡ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉത്പാദനം പുനഃരാരാംഭിച്ചു. 10 മാസത്തിന് ശേഷമാണ് തിങ്കളാഴ്ച്ച മുതൽ വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചത്. വെള്ളമുള്ള സമയത്ത് 3.5 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുക. മഴയെ തുടർന്ന് ജലലഭ്യതയുള്ളതിനാൽ പരമാവധി വൈദ്യുതി ഉത്പാദനം നടക്കും. ഒന്നര മെഗാവാട്ടിന്‍റെ രണ്ട് ജനറേറ്ററുകളും, അര മെഗാവാട്ടിന്‍റെ ഒരു ജനറേറ്ററുമാണ് നിലവിൽ ആഡ്യൻപാറയിലുള്ളത്. ആഡ്യൻപാറ ജലവൈദ്യുത പദ്ധതിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിലമ്പൂർ വെളിയംതോട് സബ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനുള്ള എച്ച്.റ്റി. ലൈനുകളുടെ പ്രവർത്തനവും പൂർത്തീകരിച്ചു.
ആഡ്യൻപാറയിൽ വൈദ്യുതി ഉത്പാദനം പുനഃരാരാംഭിച്ചു - ആഡ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി
ഒന്നര മെഗാവാട്ടിന്‍റെ രണ്ട് ജനറേറ്ററുകളും, അര മെഗാവാട്ടിന്‍റെ ഒരു ജനറേറ്ററുമാണ് നിലവിൽ ആഡ്യൻപാറയിലുള്ളത്
കഴിഞ്ഞ വ്യാഴാഴ്ച്ച എച്ച്.ടി ലൈനിന്‍റെ പ്രവർത്തനം പൂർത്തികരിച്ചെങ്കിലും ക്ലിയറൻസ് ലഭിക്കാൻ താമസം നേരിട്ടിരുന്നു. ശനിയാഴ്ച്ച വൈകുന്നേരമാണ് ക്ലിയറൻസ് ലഭിച്ചത്. കനത്ത മഴയെ തുടർന്ന് 2019 ഓഗസ്റ്റ് അഞ്ചിനാണ് ഇവിടെ വൈദ്യുതി ഉത്പാദനം നിറുത്തിവെച്ചത്. പ്രളയത്തിൽ തകർന്ന തുരങ്കത്തിന്‍റെ കവാടം പൂർണമായി തുറന്നുതോടെയാണ് പവർഹൗസിൽ വെള്ളം കേറിയത്. 2018ലെ പ്രളയത്തിൽ മതിൽമൂല കോളനി വഴി കെഎസ്ഇബി സ്ഥാപിച്ച വൈദ്യുതി തൂണുകൾ തകർന്നിരുന്നു.അതിനാൽ മുട്ടിയേൽ- പെരുമ്പത്തൂർ വഴിയാണ് പുതിയ എച്ച്.ടി. ലൈൻ നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. മറ്റ് ഭാഗങ്ങളിലെ അറ്റകുറ്റ പണികൾ ജനുവരിയിൽ തന്നെ പൂർത്തികരിച്ചിരുന്നു. ജലലഭ്യതയുള്ള ജൂൺ, ജൂലൈ, ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ 3.5 മെഗാവാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാൻ കഴിയും. ജൂൺ മുതൽ ഡിസംബർ വരെയാണ് കൂടുതലായും വൈദ്യുതി ഉത്പാദനം നടക്കുക. വെള്ളം ശേഖരിച്ച് വെയ്ക്കാൻ സംവിധാനമില്ലാത്തതിനാൽ വേനലിൽ വൈദ്യുതി ഉത്പാദനം മുടങ്ങും. പോത്തുകൽ പഞ്ചായത്തിലേക്ക് ആവശ്യമായ വൈദ്യുതി പദ്ധതിയിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.