മലപ്പുറം: പൊന്നാനിയില്‍ കൊവിഡ് വ്യാപനെത്തെ തുടർന്ന് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാൻ തീരുമാനിച്ചു. സര്‍വീസില്‍പ്പെട്ട വകുപ്പുകള്‍ക്ക് സുഗമമായ നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് അവശ്യ സേവനങ്ങളുടെ ലഭ്യതയും ഉറപ്പാക്കും. ഭക്ഷ്യധാന്യ വിതരണത്തില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ക്ക് വിതരണം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പൊന്നാനി നഗരസഭയിലെ ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിന് ഒരു ദിവസം കൂടി നീട്ടി നല്‍കി. മണ്ണിട്ട് അടച്ച ഇടറോഡുകളിലെ തടസം പൂര്‍ണമായി മാറ്റി ബാരിക്കേഡ് സ്ഥാപിക്കും. അവശ്യ സര്‍വ്വീസുകള്‍ക്ക് റോഡുകള്‍ തുറന്നു കൊടുക്കാനും യോഗത്തില്‍ തീരുമാനമായി. പൊന്നാനി താലൂക്കിലെ പഞ്ചായത്തുകളിലും നഗരസഭയിലും കൂടുതല്‍ കടകള്‍ തുറക്കാനും ഹോം ഡെലിവറിക്കും അനുവദിക്കും. പഞ്ചായത്തുകളില്‍ 10 പലചരക്ക് കടകള്‍ക്കും എട്ട് പച്ചക്കറി കടകള്‍ക്കുമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് മൊത്തവ്യാപര കടകള്‍ക്കും കാലിത്തീറ്റ വില്‍പ്പനയ്ക്കും വളം വില്‍പ്പനയ്ക്കും ഓരോരോ കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.