മലപ്പുറം: പാലത്തിന് വേണ്ടിയുള്ള പൊന്നാനിക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമം. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന്‍റെ മാതൃകയില്‍ സസ്‌പെന്‍ഷന്‍ പാലത്തിന്‍റെ നിര്‍മാണത്തിനുള്ളപ്രാഥമിക നടപടികള്‍ ആരംഭിച്ചു. വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ തൂക്കുപാലം കൂടിയാകും ഇത്. പൊന്നാനി ഹാര്‍ബറിനെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പാലത്തിന്‍റെ പ്രായോഗിക വശങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്നലെ ഉന്നതതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പിലെയും ജലസേചന വകുപ്പിലെയും തുറമുഖ വകുപ്പിലെയും പിഡബ്ലിയുഡിയിലെയും റോഡ് ആന്‍റ് ബ്രിഡ്ജ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരാണ് നിയമസഭാ സ്പീക്കറും പൊന്നാനി എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണൻ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.
പൊന്നാനിയിലൂടെ കടന്നുപോകുന്ന തീരദേശ പാതയുമായും കര്‍മ റോഡുമായും തൂക്കുപാലത്തെ ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയില്‍ വന്‍ വികസനമാണ് സാധ്യമാവുക. പ്രവേശന കവാടത്തില്‍ വിവിധ നിലകളിലായി റസ്‌റ്റോറന്‍റ്, വ്യൂ പോയിന്‍റ് ഫിഷിങ് ഡെക്ക് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും. കടലിനോട് അഭിമുഖമായി വരുന്ന ഭാഗത്ത് ടൂറിസ വികസനത്തിനാവശ്യമായ സൗകര്യങ്ങളും ഒരുക്കും. നടപ്പാത, ഉദയാസ്തമയങ്ങള്‍ കാണാനുള്ള സൗകര്യങ്ങൾ തുടങ്ങിയവയും പാലത്തിലൊരുക്കും.