മലപ്പുറം: ലോക്ക്‌ഡൗണിൽ ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്‌ടപ്പെട്ട് ത്രേസ്യാമ. ചാലിയാർ പഞ്ചായത്തിലെ മണ്ണൂപ്പാടം മൂലംകുഴി ത്രേസ്യാമയ്ക്ക് പോളിയോ രോഗം ബാധിച്ച് കാലുകൾക്ക് സ്വാധീനമില്ല. കുടകൾ നിർമിച്ച് നൽകിയായിരുന്നു ഇവർ വരുമാനം കണ്ടെത്തിയിരുന്നത്. എന്നാൽ ലോക്ക്ഡൗൺ ആയതോടെ നിർമിച്ച കുടകൾ വിറ്റഴിക്കാനാകാതെ വീട്ടിൽ തന്നെ കെട്ടിക്കിടക്കുകയാണെന്ന് ത്രേസ്യാമ പറയുന്നു.
സ്വന്തമായി വീട് ഇല്ലാത്തതിനാൽ സഹോദരിയുടെ കാലപ്പഴക്കം ചെന്ന വീട്ടിലാണ് ഇവർ ഒറ്റയ്ക്ക് താമസിച്ചുവരുന്നത്. കാലുകൾക്ക് ശേഷിയില്ലെക്കിലും ജീവിതതോടെ പൊരുതാനുള്ള മനസാണ് ത്രേസ്യാമയ്ക്കുള്ളത്. കുടകൾ, പേപ്പർ പേനകൾ, കൊന്തമാലകൾ എന്നിവ സ്വന്തമായി നിർമിച്ച് വിറ്റ് അതിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ കൊവിഡിൽ നാടിന് ലോക്ക് വീണപ്പോൾ അത് ത്രേസ്യാമയുടെ നിത്യവൃത്തിക്കുള്ള പൂട്ടുകൂടിയായി മാറി.
Also Read:കണ്ടെയ്ൻമെന്‍റ് സോണില്‍ ഫുട്‌ബോള്‍ കളിച്ചവർക്ക് എട്ടിന്‍റെ പണി ;ദൃശ്യങ്ങള്‍ വൈറല്‍
25,000 രൂപ ബാങ്കിൽ നിന്നും വായ്‌പയെടുത്തും സ്വകാര്യ വ്യക്തികളിൽ നിന്നും പലിശക്ക് പണം കടം വാങ്ങിയുമാണ് കുടകളുടെ നിർമാണത്തിനുള്ള സാധനങ്ങൾ ത്രേസ്യാമ വാങ്ങിയത്. വിവിധ വർണ്ണങ്ങളിലുള്ളതും, കമ്പനി കുടകളോട് കിടപിടിക്കുന്നതുമായ ഈടുറപ്പുള്ള കുടകളുമാണ് ത്രേസ്യാമ കൈവിരുതിൽ നിർമിച്ചിട്ടുള്ളത്. ആറ് വർഷമായി കുട നിർമാണം നടത്തിവരികയാണ് ഇവർ.
കൊവിഡിനെ തുടർന്ന് സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നതും ലോക്ക്ഡൗൺ കാരണം ആളുകൾ പുറത്തിറങ്ങാത്തതും ത്രേസ്യാമ നിർമിച്ച കുടകളെല്ലാം വീട്ടിൽ തന്നെ കെട്ടിക്കിടക്കാൻ കാരണമായി. വിപണിയിൽ കിട്ടുന്ന ആധുനിക മോഡൽ കുടകൾ ഉൾപ്പെടെ എല്ലാമുണ്ട് ത്രേസ്യാമ നിർമിക്കുന്ന കുടകളിൽ.
ലോക്ക്‌ഡൗണിൽ കുട വാങ്ങാൻ ആളില്ല; പൂട്ട് വീണ് ത്രേസ്യാമയുടെ ജീവിതവും Also Read:മുട്ടില്‍ വനംകൊള്ള: നിലമ്പൂരിലും പ്രത്യേക അന്വേഷണസംഘമെത്തി
വീൽചെയറിന്‍റെ സഹായത്തോടെയും മുട്ടിൽ ഇഴഞ്ഞും മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഇവർക്ക് കൊവിഡ് കാലത്ത് പുറത്ത് പോയി കുടകൾ വിൽക്കുക എന്നതും പ്രായോഗികമല്ല. ഹൃദ്രോഗി കൂടിയായ ഇവർക്ക് നിലവിൽ ചികിത്സയ്ക്കും പണമില്ലാത്ത അവസ്ഥയാണ്. കൊവിഡ് കാലത്ത് സന്നദ്ധ സംഘടനകളും യുവജനങ്ങളും ജീവിതം വഴിമുട്ടിയവർക്ക് കൈതാങ്ങുമായി എത്തിയിരുന്നു. ഇവർ തന്‍റെ കുടകൾ വാങ്ങാനും വിൽക്കാനും തയാറാകുമെന്ന പ്രതീക്ഷയിലാണ് ത്രേസ്യാമ.