മലപ്പുറം: രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയില്‍ പൊലീസ് നിയന്ത്രണം കർശനമാക്കി. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ജില്ല നിശ്ചലമാണ്. ജില്ലയിൽ അഞ്ച് പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്.
മലപ്പുറത്ത് പൊലീസ് നിയന്ത്രണം കർശനമാക്കി - covid 19
തക്കതായ കാരണമില്ലാതെ വാഹനവുമായി ഇറങ്ങുന്നവർക്കെതിരെ പെറ്റി കേസ് എടുക്കാനും, ആവശ്യമെങ്കിൽ വാഹനം പിടിച്ചെടുക്കാനുമാണ് പൊലീസിന്‍റെ തീരുമാനം
അനാവശ്യമായി സ്വകാര്യവാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെ നിയന്ത്രിച്ചും ഉപദേശിച്ചും താക്കീത് നല്‍കിയും പൊലീസ് വലഞ്ഞതോടെയാണ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയത്. തക്കതായ കാരണമില്ലാതെ വാഹനവുമായി ഇറങ്ങുന്നവർക്കെതിരെ പെറ്റി കേസ് എടുക്കാനും, ആവശ്യമെങ്കിൽ വാഹനം പിടിച്ചെടുക്കാനുമാണ് പൊലീസിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി പെട്രോൾ പമ്പുകളിലും നിയന്ത്രണം ഏർപ്പടുത്തി. സ്വകാര്യ വാഹനങ്ങള്‍ക്ക് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ മാത്രമെ പമ്പുകളില്‍ നിന്നും ഇന്ധനം ലഭിക്കുകയുള്ളു. മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്ക് പമ്പുകളുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാവും.
നിലവിൽ രോഗ ബാധിതരായ അഞ്ച് പേരുടെയും ആരോഗ്യ നില തൃപ്‌തികരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പുതുതായി 604 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതോടെ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9,898 ആയി. ജില്ലയിൽ ദുബായിൽ നിന്നെത്തിയവരും അല്ലാത്തവരുമായ പ്രവാസികൾ കൂടുതലായതിനാല്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൊവിഡിനെ മറികടക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.