കോഴിക്കോട്: മുസ്‌ലിം ലീഗിൽ വീണ്ടും സർവ ശക്തനാകാൻ പി കെ കുഞ്ഞാലിക്കുട്ടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരാൻ സാധ്യതയേറി. മാർച്ച് നാലിന് കോഴിക്കോട് ലീഗ് സമ്മേളനത്തിന് കൊടിയിറങ്ങുമ്പോൾ നേതൃത്വത്തിന്‍റെ തലപ്പത്ത് ട്വിസ്റ്റ് എൻട്രിയാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ജനറൽ സെക്രട്ടറി പിഎംഎ സലാം തുടരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും കച്ചമുറുക്കുകയാണ് കുഞ്ഞാപ്പ. എം.പി ആയതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശബ്‌ദമുയർത്താനുമാണ് കുഞ്ഞാലിക്കുട്ടി രാജ്യ തലസ്ഥാനത്തേക്ക് പോയത്. ഇവിടെ കാര്യങ്ങൾ ഏൽപ്പിച്ചത് പിഎംഎ സലാമിനെയും. എന്നാൽ ഡൽഹിയിൽ പ്രതീക്ഷിച്ചത് ഒന്നും നടന്നില്ല എന്ന് മാത്രമല്ല പകുതി വഴിയിൽ കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലെ പണി ഉപേക്ഷിക്കുകയായിരുന്നു.
മലപ്പുറത്തേക്ക് തിരിച്ചെത്തി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ വിദൂരമായ ഒരു മന്ത്രി പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പിണറായി സർക്കാറിന് ജനങ്ങൾ തുടര്‍ഭരണം നൽകിയതോടെ കുഞ്ഞാലിക്കുട്ടി അടവ് മാറ്റി. പിഎംഎ സലാമിനെ മുൻനിർത്തി ലീഗിന്‍റെ പിന്നാമ്പുറത്ത് കളി തുടങ്ങിയപ്പോൾ എതിർ ശബ്‌ദങ്ങൾ ഒരുപാട് ഉയർന്നു. കെഎം ഷാജിയും എംകെ മുനീറും കെ.എസ് ഹംസയും അടങ്ങുന്ന ഒരു വിഭാഗം കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനങ്ങൾ പരസ്യമാക്കി.
ഹംസയെ വേരോടെ പിഴുത് കളഞ്ഞപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റ ഷാജി കേസിന്‍റെ പിടിയിലുമായി. പരസ്യ നിലപാടുകളിൽ മിതത്വം പാലിക്കാനെ എം കെ മുനീറിനും ഇടി മുഹമ്മദ് ബഷീറിനും കഴിഞ്ഞുള്ളൂ. ഇതിനെല്ലാം തുടക്കമിട്ടത് 'ചന്ദ്രിക' വിവാദമായിരുന്നു. ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങളാണ് അത് പരസ്യമായി തൊടുത്ത് വിട്ടത്. കാലാകാലങ്ങളായി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന തങ്ങളുടെ പ്രതികരണം ലീഗിനെ സ്‌തംഭനാവസ്ഥയിലാക്കി. എന്നാൽ അവിടെയും പോംവഴി കണ്ടെത്താൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു.
അസ്ത്രം തൊടുത്ത് വിട്ടവർ ബലഹീനരായപ്പോൾ സാദിഖലി തങ്ങളെ കൂട്ട് പിടിച്ച് കുഞ്ഞാലിക്കുട്ടി 'പരിശുദ്ധ'നായി. വിമതർ യോഗം വരെ പരസ്യമായി വിളിച്ച് ചേർത്തിട്ടും അതിനൊന്നും ഒരു തുടർച്ച ഉണ്ടായില്ല എന്നത് ആ നീക്കങ്ങളുടെ ഭാഗമാണ്. അവിടെയൊക്കെ നീക്കങ്ങൾ സസൂക്ഷ്‌മം നടത്തി കൊണ്ടേയിരുന്നു കുഞ്ഞാപ്പ. സാദിഖലി തങ്ങൾ പ്രസിഡന്‍റായതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിനൊപ്പം കേരളമൊട്ടാകെ യാത്ര നടത്തി.