മലപ്പുറം:തെരഞ്ഞെടുപ്പ് സർവേ ഫലങ്ങളെ തള്ളി പറയുന്ന രമേശ് ചെന്നിതല സ്വയം അപഹാസ്യനാകുന്നുവെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുകൂലമായ സർവേകളെ പ്രശംസിക്കുകയും എതിരായി വരുന്നത് തള്ളി പറയുകയും മുൻപ് സർവേ ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായപ്പോൾ പിന്തുണച്ച ചരിത്രവും രമേശ് ചെന്നിത്തലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്.
ഇരിക്കൂറിൽ മധ്യസ്ഥ ശ്രമത്തിന് പോയ കെസി ജോസഫ് തന്‍റെ നോമിനേഷൻ പേപ്പർ കൂടി പോക്കറ്റിലിട്ടാണ് പോയതെന്നും പിസി ചാക്കോ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വലംകൈയായ കെ.സി ജോസഫ് ഒൻപതാം തവണയും മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന 94 സീറ്റിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒരാൾ പോലുമില്ല, എ,ഐ ഗ്രൂപ്പ് പരിഗണന മാത്രമാണുണ്ടായതെന്നും പിസി ചാക്കോ ആരോപിച്ചു.
മാണി സി കാപ്പൻ പാലായിൽ പാരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എൻസികെ, രമേശ് ചെന്നിത്തല തട്ടി കൂട്ടിയ പാർട്ടിയാണെന്നും രാഹുൽ ഗാന്ധി ഇഫക്‌ട് നിലവിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയം വൈകാരികമാക്കാൻ കോൺഗ്രസും, ബിജെപിയും ശ്രമിച്ചതും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണമായിട്ടുണ്ടാകാം. അതേ സമയം ഇന്ന് സ്ഥിതി മാറിയിരിക്കുകയാണെന്നും ഇടതുപക്ഷത്തിന്‍റെ സത്യസന്ധമായ രാഷ്‌ട്രീയം ജനം തിരിച്ചറിഞ്ഞുവെന്നും എന്‍സിപി നേതാവ് വിശദമാക്കി.
രമേശ് ചെന്നിത്തല സ്വയം അപഹാസ്യനാകുന്നുവെന്ന് പി.സി.ചാക്കോ കേരളത്തിൽ 100ൽ കുറയാത്ത സീറ്റുമായി എൽഡിഎഫ് തുടർ ഭരണം ഉണ്ടാകുമെന്നും പിസി ചാക്കോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിൽ പരമാവധി മണ്ഡലങ്ങളിൽ എൽഡിഎഫിനായി പ്രചരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് എതിരെ മതേതര കക്ഷികളെ ഒരു കുടക്കീഴിൽ നിര്‍ത്താൻ കഴിയുന്ന ഏക നേതാവ് ശരദ് പവാറാണ്. കോൺഗ്രസിനും ഇതിൽ പങ്കുചേരാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസക്തി അനുദിനം വർധിച്ചു വരികയാണ്. എൻസിപിയിൽ തിരിച്ചെത്താൻ കഴിഞ്ഞതിലൂടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ സന്തോഷമാണെന്നും പിസി ചാക്കോ പറഞ്ഞു. നിലമ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിവി അൻവറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പിസി ചാക്കോ ഉദ്ഘാടനം ചെയ്‌തിരുന്നു. ശേഷം കോഴിക്കോടേക്ക് മടങ്ങവെ നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറേന ദേവാലയത്തിലെത്തി വികാരി ഫാദർ ബിജു തുരുത്തേലിനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യു, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എംഎ വിറ്റാജ് എന്നിവരും പങ്കെടുത്തു.