മലപ്പുറം : സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് രക്ഷിതാക്കളുടെ പ്രതിഷേധം. തിരൂർ എ.എം.എൽപി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇന്ന് സ്കൂൾ തുറന്നപ്പോൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
മാനേജ്മെന്‍റ് ശ്രദ്ധിക്കാത്തതാണ് ശോചനീയാവസ്ഥക്ക് കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ശോചനീയാവസ്ഥ പരിഹരിക്കാതെ ഇവിടെ അധ്യയനം ആരംഭിക്കാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.
സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; തിരുർ എ.എം.എൽപി സ്കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം സ്കൂളിന്‍റെ ഓടും പട്ടികയുമൊക്കെ പൊട്ടിവീഴാറുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. അങ്ങനെയൊരു സ്കൂളിൽ കുട്ടികളെ ഇരുത്തില്ല. മുന്നിലുള്ള റെയിൽപാളത്തിലൂടെ ട്രെയിൻ പോകുമ്പോൾ സ്കൂൾ ആകെ കുലുങ്ങുകയാണ്. ചില സമയങ്ങളില്‍ ഓടുകള്‍ ഇളകി വീഴാറുണ്ട്.
Also Read: കാത്തിരിപ്പിന്‍റെ രണ്ട് വർഷം, സ്‌കൂളുകൾ തുറന്നു.. ഇനി പഠനോത്സവ ദിനങ്ങൾ
മക്കളുടെ ജീവനാണ് തങ്ങള്‍ക്ക് വലുതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സ്കൂള്‍ നവീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കിയതാണ് ഈ സ്കൂൾ കെട്ടിടം. സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
സ്കൂളിന്‍റെ ശോചനീയാവസ്ഥ അടിയന്തരമായി അധികൃതർ ഇടപെട്ട് പരിഹരിക്കണമെന്നാണ് ആവശ്യം. പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഉദ്യോഗസ്ഥർ എത്തി രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി. ശോചനീയാവസ്ഥ പരിഹരിക്കാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.