മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസ് ഇര മൂന്നാം ഘട്ടത്തിലും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം പെരിന്തൽമണ്ണ എഎസ്‌പി. എ. ഹേമലത അന്വേഷിക്കും. 2016ൽ പെൺകുട്ടിക്ക് 13 വയസ് പ്രായമുള്ളപ്പോഴാണ് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. ചൈൽഡ് ലൈൻ ഇടപെട്ട് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ(സിഡബ്ല്യുസി) ഏൽപ്പിക്കുകയും കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും പിന്നീട് ബന്ധുക്കൾക്ക് തന്നെ കൈമാറി. 2017ൽ വീണ്ടും പീഡനത്തിന് ഇരയായതോടെ പെണ്‍കുട്ടിയെ വീണ്ടും ഷെൽട്ടർ ഹോമിലേക്ക് മാറ്റിയെങ്കിലും വീണ്ടും ബന്ധുക്കൾക്ക് വിട്ടു നൽകി. ബന്ധുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ പെൺകുട്ടിയെ 29 ൽ അധികം ആളുകള്‍ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
പാണ്ടിക്കാട് പോക്സോ കേസ് എഎസ്‌പി എ.ഹേമലത അന്വേഷിക്കും - ചെയർമാൻ അഡ്വ:ഷാജേഷ് ഭാസ്‌കർ
പെൺകുട്ടി വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്‌കർ പറഞ്ഞു

2016, 2017, 2020 കാലഘട്ടത്തിലായി നടന്ന സംഭവത്തിൽ 32 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌തു. 44 പ്രതികളാണ് കേസിൽ ഉള്ളത്. 20 പേരെ അറസ്റ്റ് ചെയ്‌തു. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ മൂന്ന് സിഐമാരും ഏഴ് എസ്‌ഐമാരും ഉൾപ്പടെ പ്രത്യേക സംഘം കേസ് അന്വേഷിക്കും. പോക്സോ കേസിൽ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കുകയും കൃത്യമായ ഇടവേളകളിൽ കൗൺസിലിങ് നൽകുകയും ചെയ്യണമെന്നാണ് നിയമം. എന്നാൽ ഇക്കാര്യം പ്രാവർത്തികമായില്ലെന്നാണ് ആരോപണം.
അതേ സമയം ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും വീട്ടുകാരുടെ സംരക്ഷണയിൽ വിട്ടു നൽകിയ പെൺകുട്ടി വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തിൽ ബന്ധുക്കൾക്ക് ജാഗ്രത കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്‌സണ്‍ അഡ്വ. ഷാജേഷ് ഭാസ്‌കർ പറഞ്ഞു. സംഭവത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രാദേശിക നേതാക്കളും വ്യാപാരികളും ഉൾപ്പെട്ടതായാണ് വിവരം.