മലപ്പുറം:കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മതേതര കേരളത്തിന്‍റെ മുന്നണിപ്പോരാളിയുമായിരുന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്ക് പതിനായിരങ്ങൾ നിറകണ്ണുകളോടെ അന്ത്യയാത്ര നൽകി. പാണക്കാട്ടെ ജുമ മസ്‌ജിദിനു തൊട്ടടുത്ത് പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്കും ചാരെയാണ് ഹൈദരലി തങ്ങൾക്ക് നിത്യവിശ്രമം ഒരുക്കിയത്.
പുലർച്ചെ 2.30നായിരുന്നു അപ്രതീക്ഷിതമായി ഖബറടക്കൽ ചടങ്ങ് നടന്നത്. പാണക്കാട് ജുമ മസ്‌ജിദില്‍ മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊലീസ് സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാർഡ് ഓഫ് ഓണർ നൽകി. നിയന്ത്രണാതീതമായ ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വിപരീതമായി അർധരാത്രി തന്നെ ഖബറടക്കിയത്.
രാവിലെ ഒൻപതിനായിരുന്നു നേരത്തെ ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാൽ മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച ശേഷം അഭൂതപൂർവമായ ജനക്കൂട്ടമാണ് ഇങ്ങോട്ട് ഒഴുകിയത്. ജനത്തിരക്ക് കാരണം പൊതുദര്‍ശനം അവസാനിപ്പിച്ചു. മയ്യിത്ത് പാണക്കാട് തറവാട്ടില്‍ എത്തിച്ചു. ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്.
അന്ത്യോപചാരം അർപ്പിച്ച് പ്രമുഖർ
പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൗണ്‍ഹാളില്‍ പാണക്കാട് തങ്ങള്‍ക്ക് അന്തോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.അബ്‌ദുറഹ്മാന്‍, എ.കെ ശശീന്ദ്രന്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. പതിനായിരങ്ങൾ കിലോമീറ്ററുകളോളം ക്യൂ നിന്നാണ് ഹൈദരലി തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്.